വനം വകുപ്പിന്റെ അടവി ഗവി ടൂർ പാക്കേജ് പ്രതിസന്ധിയിൽ
text_fieldsകോന്നി: കോന്നി ഇക്കോ ടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കോന്നി -അടവി -ഗവി ടൂർ പാക്കേജ് പ്രതിസന്ധിയിൽ. വനംവകുപ്പിന്റെ രണ്ട് ട്രാവലർ വാനുകൾ ആയിരുന്നു കോന്നി അടവി ഗവി ഉല്ലാസയാത്രയിൽ സർവിസ് നടത്തിയിരുന്നത്. ഇതിൽ ഒരു വാഹനം ടെസ്റ്റിങ് അടക്കമുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന് മാറ്റിയിട്ട് കാലങ്ങൾ ഏറെയായി.
വനംവകുപ്പ് വാഹനത്തിന്റെ റീ ടെസ്റ്റിനും മറ്റ് കാര്യങ്ങൾക്കുമായി തുക അനുവദിക്കാത്തതാണ് വാഹനം ഉപയോഗിക്കാൻ കഴിയാത്തതിന് കാരണം. കൂടാതെ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇതിന് സമാന്തരമായി ഉല്ലാസയാത്ര ആരംഭിച്ചതും ആളുകൾ ഇതിലേക്ക് ആകൃഷ്ഠരായതും പദ്ധതിയിയെ സാരമായി ബാധിച്ചു.
ബുക്കിങ് കുറഞ്ഞതോടെ നിലവിലുള്ള വാഹനവും സർവിസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2020 മാർച്ച് മാസത്തിൽ അടവി ഗവി ടൂർ താൽകാലികമായി നിർത്തി വെച്ചിരുന്നു. തുടർന്ന് പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷം കോവിഡ് നിബന്ധനകൾക്ക് വിധേയമായി പദ്ധതി വിണ്ടും പുനരാരംഭിക്കുകയായിരുന്നു. 2020 ഡിസംബർ 25ന് വിണ്ടും ടൂർ പുനരാരംഭിച്ചതോടെ സഞ്ചാരികളും എത്തി തുടങ്ങിയിരുന്നു.
പാക്കേജ് ഇങ്ങനെ
കോന്നി ആനത്താവളത്തിൽനിന്ന് രാവിലെ 7.30 ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 നാണ് അവസാനിക്കുക. രാവിലെ ആനത്താവളത്തിൽനിന്ന് പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിച്ചശേഷം വിണ്ടും യാത്ര തുടരും. കൊച്ചാണ്ടി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഡ വനത്തിലൂടെയാണ് സഞ്ചാരം.
നിത്യ ഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയിൽ കാണുവാൻ കഴിയും. കാക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ,ആനത്തോട് പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചുപമ്പയിൽ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്ങും നടത്തും.
തുടർന്ന് പെരിയാർ ടൈഗർ റിസേർവ് വഴി വള്ളക്കടവിൽ എത്തും. തുടർന്ന് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. പതിനാറ് പേര് അടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും പത്ത് പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒമ്പത് പേര് വരെ 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് ബാധകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.