അടവി മുളംകുടിലുകൾ നാശത്തിന്‍റെ വക്കിൽ
text_fieldsഅടവിയിലെ മുളംകുടിലുകൾ
കോന്നി: ഒരുകാലത്ത് വനം വകുപ്പിന് മികച്ച വരുമാനം നേടിത്തന്നിരുന്ന പേരുവാലിയിലെ മുളംകുടിലുകൾ നാശത്തിന്‍റെ വക്കിലായിട്ടും പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കാതെ വനം വകുപ്പ്. കുടിലുകൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കേണ്ടത് ബാംബൂ കോർപറേഷന്‍റെ ഉത്തരവാദിത്തമാണെന്നും ഇതിനായി കോർപറേഷന് കത്ത് നൽകിയിട്ടുണ്ടെന്നുമാണ് വനം വകുപ്പ് അധികൃതർ ഇത് സംബന്ധിച്ച ചോദ്യത്തിന് കോന്നി താലൂക്ക് വികസന സമിതിയിൽ മറുപടി നൽകിയത്.
കോന്നി ഫോറസ്റ്റ് ഡിവിഷന്‍റെ വനവികാസ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് അടവി മുളംകുടിലുകൾ. അഞ്ച് കുടിലുകളും ഡെയിനിങ് ഹാളും അടങ്ങുന്നതാണ് നിർമാണം. ഇതിൽ രണ്ടെണ്ണം പൂർണമായി നാശിച്ചു. മൂന്ന് കുടിലുകൾ ആയിരുന്നു നിലവിൽ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്നത്. ഡെയിനിങ് ഹാളിന്റെ മേൽക്കൂര പൊളിഞ്ഞുവീണതിനെ തുടർന്ന് ടാർപോളിൻ വലിച്ചു കെട്ടിയിരിക്കുകയാണ്.
ആറുമാസമായി കുടിൽ സഞ്ചാരികൾക്കായി തുറന്നുനൽകിയിട്ട്. ഹാളിന് പിന്നിലെ ബാൽക്കെണിയും തകർച്ചയുടെ വക്കിലാണ്. നവീകരണം നടക്കുന്നുവെന്ന് ബോർഡ് സ്ഥാപിച്ചതല്ലാതെ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല എന്നതാണ് വസ്തുത. മുൻപ് മരം ഒടിഞ്ഞുവീണും കുടിലിന്റെ മേൽക്കൂര തകർന്നിരുന്നു. കോന്നി ഇക്കോ ടൂറിസത്തിലും അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിനും എത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായും അന്വേഷിക്കുന്ന പദ്ധതികളിൽ ഒന്നാണിത്. 2016ലാണ് പദ്ധതി പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്. തുടക്ക സമയങ്ങളിൽ നിരന്തരമായി ബുക്കിങ് നടക്കുകയും ലക്ഷങ്ങൾ വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം നാശത്തിന്റെ വക്കിൽ നിലകൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

