ആദിവാസി യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി
text_fieldsകോന്നി: ആദിവാസി യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി. തണ്ണിത്തോട്മൂഴി മൂഴിക്കൽ ഷാജിയുടെ ഭാര്യ അശ്വതിയാണ് (24) പെൺകുഞ്ഞിന് ജന്മം നൽകിയത്.
രാവിലെ ഒമ്പതരയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആശ പ്രവർത്തകർ എത്തിയതിനു ശേഷം ചിറ്റാറിൽനിന്നും ആംബുലൻസ് എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റിയെങ്കിലും അധികം താമസിക്കാതെ തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം യുവതിയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

