കോന്നി താലൂക്ക് ആശുപത്രി; അത്യാഹിത വിഭാഗം 'ശ്വാസംമുട്ടുന്നു'
text_fieldsകോന്നി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം
കോന്നി: താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി സജ്ജീകരിച്ച അത്യാഹിത വിഭാഗം സ്ഥല പരിമിതിയിൽ ശ്വാസം മുട്ടുന്നു. ജെറിയാട്രിക് വിഭാഗത്തിനായി നവീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഐ.പിയും, അത്യാഹിത വിഭാഗവും പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടം നവീകരണം നടത്താനായിട്ടാണ് താഴേക്ക് മാറ്റിയത്. ഡോക്ടറുടെ മുറിയിൽ നിന്നുതിരിയാൻ ഇടമില്ല. ഇതിന്റെ ഒരു ഭാഗത്ത് ഫാർമസിയും പ്രവർത്തിക്കുന്നുണ്ട്. ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം മുകളിലത്തെ നിലയിൽ ആക്കിയെങ്കിലും ഉച്ചവരെ മാത്രമേ പ്രവർത്തനമുള്ളൂ.
ഇതിനാൽ ഉച്ചക്കുശേഷം എത്തുന്ന ആളുകൾ അത്യാഹിത വിഭാഗത്തിലെത്തും. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ എത്തുന്ന അയ്യപ്പഭക്തർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഡോക്ടറെ കാണാൻ നിൽക്കുന്ന രോഗികൾ പലരും ആശുപത്രി മുറ്റത്താണ് വരി നിൽക്കുന്നത്. മഴ പെയ്താൽ ഇരട്ടി ദുരിതമാകും.
മലയോര മേഖലയിൽ നിന്നടക്കം നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. പുതിയ കെട്ടിട നിർമാണം പൂർത്തിയാകുന്നതുവരെ അത്യാഹിത വിഭാഗം കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.