കോന്നി താലൂക്ക് ആശുപത്രി നിർമാണം ഇഴയുന്നു
text_fieldsകോന്നി: നിർമാണം തുടങ്ങി അഞ്ചു വർഷം പിന്നിടുമ്പോഴും യാഥാർഥ്യമാകാതെ കോന്നി താലൂക്ക് ആശുപത്രി കെട്ടിടം. 2021 ലാണ് അന്ന് അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിൽ മൂന്നു നിലകളുടെ നിർമാണം ആരംഭിച്ചത്. പത്ത് കോടിയോളം രൂപയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായായിരുന്നു ഇത്.
എന്നാൽ 90 ശതമാനത്തോളം ജോലി തീർന്നിട്ടും കെട്ടിടം തുറന്നു നൽകിയിട്ടില്ല. ഇപ്പോൾ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നത്. നല്ല സൗകര്യമുള്ള കെട്ടിടത്തിൽനിന്ന് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിലേക്ക മാറ്റിയതോടെ സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണ് അത്യാഹിത വിഭാഗം. ഒ.പി കെട്ടിടത്തിലും നിന്നുതിരിയാൻ ഇടമില്ല. നിലവിൽ നിർമിക്കുന്ന കെട്ടിടം പൂർത്തീകരിക്കണമെന്നും സ്ഥലപരിമിതി അടക്കം വിഷയങ്ങൾ ചൂണ്ടികാട്ടിയും ആശുപത്രി അധികൃതർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു.
പുതിയ കെട്ടിടത്തിന്റെ റാമ്പിന് കൈവരി പിടിപ്പിക്കുന്ന ജോലിയും പുറമെയുള്ള പെയിന്റിങ് ജോലിയുമാണ് ബാക്കിയുള്ളത്. തുടക്കം മുതലേ ഇഴഞ്ഞു നീങ്ങിയ നിർമാണ പ്രവർത്തനങ്ങൾ പിന്നീട് വേഗത്തിലാവുകയായിരുന്നു. മൂന്നു നില കൂടി നിർമിക്കുന്നതോടെ അഞ്ചു നിലകളായി മാറുന്ന കെട്ടിടം കാലാവധിക്കുള്ളിൽ തന്നെ പൂർത്തീകരിച്ച് തുറന്നു നൽകുമെന്നായിരുന്നു അന്ന് പൊതു മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

