കോന്നി മെഡിക്കൽ കോളജ് നിർമാണ പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കും -എം.എൽ.എ
text_fieldsകോന്നി മെഡിക്കൽ കോളജിൽ ചേർന്ന ആശുപത്രി വികസന സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം
കോന്നി: മെഡിക്കൽ കോളജിൽ കിഫ്ബിയിൽനിന്ന് 352 കൊടി രൂപ അനുവദിച്ച് നിർമിക്കുന്ന വിവിധ നിർമാണപ്രവൃത്തികൾ മൂന്നുമാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിൽ ചേർന്ന ആശുപത്രി വികസന സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ജില്ല കലക്ടർ എ. നിസാമുദ്ദീൻ അധ്യക്ഷനായിരുന്നു. ഏഴുനിലയിൽ 300 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
ആറുനിലകളിലെയും ടൈൽ വർക്കും വാൾപുട്ടിയുടെ പ്രവൃത്തികളും പൂർത്തീകരിച്ചു. മൂന്ന് പുതിയ ഓപറേഷൻ തിയറ്ററുകളുടെ സിവിൽ വർക്കുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ലോൺട്രിയുടെ സിവിൽ വർക്കുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കുള്ള 11 നില വീതമുള്ള രണ്ട് അപ്പാർട്ട്മെന്റുകളുടെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. 800 ആളുകൾക്ക് ഇരിക്കാവുന്ന ആധുനിക ഓഡിറ്റോറിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഓഡിറ്റോറിയത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ ആറ് സ്കിൽ ലാബ്, യൂനിയൻ ഓഫിസ്, ജിംനേഷ്യം എന്നിവയും ഒന്നാംനിലയിൽ പൂർണമായും പാർക്കിങ്ങുമാണ് ക്രമീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജിൽനിന്നുള്ള പാറ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തിയും പുരോഗമിക്കുന്നു. പാറ നീക്കം ചെയ്യുന്ന ഭാഗത്താണ് സ്റ്റേഡിയം നിർമിക്കുന്നത്. ഓപറേഷൻ തിയേറ്ററുകൾ, ലോൺട്രി, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവ ക്രമീകരിക്കുന്നത് കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ്. ഇതിനായി കെ.എം.എസ്.സി.എല്ലിന്റെ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു. കോളജിലെ ഇന്റേണൽ റോഡുകൾ, തെരുവുവിളക്കുകൾ, മതിൽ, സംരക്ഷണഭിത്തി എന്നിവയുടെ നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
യോഗത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എ ഷാജി, വൈസ് പ്രിൻസിപ്പൽ ഡോ. ദേവകുമാർ, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ഉഷാഗോപി, എച്ച്.എൽ.എൽ പ്രോജക്റ്റ് എൻജിനീയർ രാഹുൽരാജ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ അഞ്ജു കെ.യു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

