കോന്നി നിയോജക മണ്ഡലം റോഡ് പൂർത്തീകരണം കലണ്ടർ തയാർ, കരാറുകാരോ?
text_fieldsrepresentational image
കോന്നി: നിയോജക മണ്ഡലത്തിൽ റോഡ്പദ്ധതികൾ സമയബന്ധിമായി പൂർത്തീകരിക്കാൻ റീബിൽഡ് കേരളയുടെ റോഡ് നിർമാണത്തിന്റെ കലണ്ടർ തയാറായി. നാല് റോഡ് പ്രവൃത്തികളാണ് മണ്ഡലത്തിൽ പുരോഗമിക്കുന്നത്.
പ്രവർത്തന കലണ്ടർ പ്രകാരം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ റീ-ബിൽഡ് കേരള എൻജിനീയർമാർക്കും കരാറുകാർക്കും നിർദേശം നൽകി. യോഗത്തിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കുട്ടപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസി മണിയമ്മ, വർഗീസ് ബേബി, പഞ്ചായത്ത് അംഗങ്ങളായ ഉദയകുമാർ, ജോജു വർഗീസ്, വി.കെ. രഘു, റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് കോട്ടയം എക്സിക്യൂട്ടിവ് എൻജിനീയർ പി. പ്രസാദ്, ആർ.കെ.ഐ പത്തനംതിട്ട അസി. എൻജിനീയർ റഫിൻ, വിവിധ റോഡുകളുടെ കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തണ്ണിത്തോട് പ്ലാേന്റഷൻ -തേക്കുതോട് റോഡ്
തണ്ണിത്തോട് പഞ്ചായത്തിൽ 4.32 കിലോമീറ്റർ ദൂരം തണ്ണിത്തോട് പ്ലാന്റേഷൻ -തേക്കുതോട് റോഡ് 5.05 കോടി രൂപയ്ക്കാണ് വികസിപ്പിക്കുന്നത്. ആദ്യഘട്ട ടാറിങ് പൂർത്തിയായി. അഞ്ചര മീറ്റർ വീതിയിലാണ് ടാറിങ്. റോഡിന്റെ സംരക്ഷണഭിത്തിയും വീതി വർധിപ്പിക്കലും വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇനിയും പൂർത്തിയാക്കാനുള്ള പ്രവൃത്തികളായ രണ്ടാംഘട്ട ടാറിങ് ഡിസംബർ മാസം പൂർത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവൃത്തിയും ട്രാഫിക് സേഫ്റ്റി പ്രവൃത്തികളും 2023 ജനുവരി 15 നുള്ളിൽ പൂർത്തീകരിക്കും. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിൾ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
കോട്ടമൺപാറ മേലെ -കോട്ടമൺപാറ -പാണ്ഡ്യൻ പാറ
കോട്ടമൺപാറ മേലെ കോട്ടമൺപാറ പാണ്ഡ്യൻ പാറ റോഡ് 1.79 കിലോമീറ്ററിൽ 2.48 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്. പ്രവൃത്തിയിൽ ഒരു കിലോമീറ്റർ റോഡ് കോൺക്രീറ്റും, നാലു കലുങ്കുകളുടെ നിർമാണവും റോഡിന്റെ വീതി വർധിപ്പിക്കലും പൂർത്തിയാക്കിയിട്ടുണ്ട്.
പുളിഞ്ചാണി-രാധപ്പടി പാത
അരുവാപ്പുലം പഞ്ചായത്തിലെ പഞ്ചായത്ത് പടി-പുളിഞ്ചാണി-രാധപ്പടി റോഡ് 3.06 കിലോമീറ്ററിൽ 4.04 കോടി രൂപക്കാണ് ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്നത്. ദീർഘനാളായി തകർന്നു കിടന്ന റോഡിൽ 10 കലുങ്കുകളുടെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഓടയുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ സിമന്റ് സ്റ്റെബിലൈസേഷൻ ആദ്യഭാഗം ഡിസംബർ 21ന് പൂർത്തീകരിക്കും. ബാക്കിയുള്ള രണ്ടു കലുങ്കുകളുടെ നിർമാണം 2023 ജനുവരി 20 നുള്ളിൽ പൂർത്തീകരിക്കും. സിമന്റ് സ്റ്റെബിലൈസേഷൻ രണ്ടാം ഭാഗം 2023 ഫെബ്രുവരി 20 നുള്ളിൽ പൂർത്തീകരിക്കും. പ്രവൃത്തിയുടെ ടാറിങ് ഏപ്രിൽ 11 നുള്ളിലും 24നുള്ളിൽ രണ്ടാംഘട്ട ടാറിങും പൂർത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവൃത്തി ഏപ്രിൽ 30നുള്ളിൽ പൂർത്തീകരിക്കും. ട്രാഫിക് സുരക്ഷ പ്രവൃത്തികൾ മേയ് മാസം 15 നുള്ളിൽ പൂർത്തീകരിക്കും.
കോന്നി പൊലീസ് സ്റ്റേഷൻ -ടി.വി.എം ആശുപത്രി-ഇളങ്ങവട്ടം ക്ഷേത്രം
കോന്നി പഞ്ചായത്തിൽ കോന്നി പൊലീസ് സ്റ്റേഷൻ -ടി.വി.എം ആശുപത്രി- ഇളങ്ങ വട്ടം ക്ഷേത്രം റോഡ് 2.89 കിലോമീറ്റർ 2.57 കോടി രൂപയ്ക്കാണ് വികസിപ്പിക്കുന്നത്.
പ്രവൃത്തിയുടെ കോന്നി മാർക്കറ്റിന് സമീപമുള്ള കലുങ്കിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.
ഡിസംബറിൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കും. 2023 ജനുവരി 20ന് പൊലീസ് സ്റ്റേഷൻ മുതൽ ടി.വി.എം ആശുപത്രി വരെയുള്ള ടാറിങ് ഇളക്കിമാറ്റും.
പ്രവൃത്തിയുടെ സിമന്റ് സ്റ്റെബിലൈസേഷൻ ജനുവരി 30 നുള്ളിൽ പൂർത്തീകരിക്കും. ആധുനിക രീതിയിലെ ടാറിങ് മാർച്ച് 10 നുള്ളിൽ പൂർത്തീകരിക്കും. ഐറിഷ് ഓടകളുടെ നിർമാണം മാർച്ച് 15 നും പൂർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

