കൊടുമൺ പ്ലാന്‍റേഷൻ ഭൂമി പതിച്ചുനൽകാൻ നീക്കം
text_fieldsകൊടുമൺ: കൊടുമൺ പ്ലാന്‍റേഷൻ കോർപറേഷൻ റവന്യൂ ഭൂമി ചെങ്ങറ ഭൂസമരക്കാർക്ക് പതിച്ചു നൽകുന്നതിന് നീക്കം നടക്കുന്നതായി ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി. ശബരി വിമാനത്താവളം കൊടുമൺ പ്ലാന്‍റേഷൻ റവന്യൂ ഭൂമിയിൽ സ്ഥാപിക്കണമെന്നാണ് ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ഇതുമായി ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിൽ ഭൂമി വിമാനത്താവളത്തിന് ഉചിതമാണോയെന്ന് പരിശോധിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്ന സ്ഥലമാണിത്.
സ്ഥലം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സർക്കാർ തന്നെ തയാറെടുക്കുന്നത് കോടതി അലക്ഷ്യമായി മാറുമെന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. നീക്കത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനമെടുത്തിരിക്കുകയാണ്. ഈ നീക്കത്തിൽനിന്ന് പിന്മാറാൻ അധികൃതരുടെ ഭാഗത്ത് നടപടി ഉണ്ടാകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്റ്റേറ്റിൽ പരിശോധന നടത്തി
കൊടുമൺ: പൊതുമേഖലാ സ്ഥാപനമായ പ്ലാന്‍റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്‍റെ കൊടുമൺ എസ്റ്റേറ്റിന്‍റെ റബർ കൃഷി ചെയ്യുന്ന തോട്ടം ചെങ്ങറ സമരഭൂമിയിലെ 400ൽപരം ആളുകൾക്ക് പതിച്ച് നൽകുന്നതിന്‍റെ ഭാഗമായി റവന്യൂ വകുപ്പ് പരിശോധന നടത്തി. നിലവിൽ കൊടുമൺ, ചന്ദപ്പള്ളി എസ്റ്റേറ്റുകളിൽ 1800ൽപരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. അതിലേറെ അനുബന്ധ തൊഴിൽ ചെയ്യുന്നവരും വേറെയുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെൻട്രിഫ്യൂജ് ലാറ്റക്സ് ഫാക്ടറിയും ഈ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. കാർഷിക മേഖലയിലെ ഏറ്റവും വലിയ വ്യവസായത്തെയും അതിൽ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയും ബാധിക്കുന്ന തരത്തിലേക്കുള്ള ഏതുനീക്കത്തെയും ശക്തമായ പ്രതിഷേധിക്കുമെന്ന് പ്ലാന്‍റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ. ടി.യു.സി) ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.
62 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വലിയ പൊതുമേഖലാ സ്ഥാപനത്തെ ഇല്ലായ്മ്മ ചെയ്യാനുള്ള സർക്കാർ തലത്തിലുള്ള ഏതുനീക്കത്തെയും സമാന ചിന്താഗതിയുള്ള ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങളെയും ഒപ്പംകൂട്ടി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

