കുടുംബകലഹം: കല്ലെടുത്ത് കിണറ്റിലിട്ടു; നാട്ടുകാരെ മണിക്കൂറുകൾ വട്ടംകറക്കി യുവാവ്
text_fieldsകൊടുമൺ: കുടുംബകലഹത്തെ തുടർന്ന് കിണറ്റിൽ ചാടിയെന്ന സംശയത്തിൽ രാത്രി മൂന്നു മണിക്കൂറോളം അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്. ഒടുവിൽ ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന യുവാവിനെ രാവിലെ കണ്ടെത്തി. കൊടുമൺ ചിരണിക്കൽ പ്ലാന്തോട്ടത്തിൽ ജോസ് ( 41) കിണറ്റിൽ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടർന്നാണ് ഞായറാഴ്ച രാത്രി അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയത്. കിണറ്റിൽ പാതാളക്കരണ്ടി ഉപയോഗിച്ച് പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. 11ഓടെ വീട്ടിൽനിന്ന് ജോസ് പുറത്തിറങ്ങുകയും തുടർന്ന് കിണറ്റിൽ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാർ പറഞ്ഞത്. രാത്രി പത്തോടെ വീട്ടിൽ വഴക്ക് നടന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്നാണ് ആളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ സമീപത്ത് വീണ്ടും തിരഞ്ഞപ്പോൾ തൊട്ടടുത്ത ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിന് പുറത്തിറങ്ങിയപ്പോൾ കിണറ്റിൽ ചാടിയെന്ന് ധരിപ്പിക്കാൻ വലിയ കല്ല് കിണറ്റിൽ ഇട്ടശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.

