കരൾ പകുത്തുനൽകിയിട്ടും അമൃതക്കൊപ്പം ഇനി അച്ചനില്ല
text_fieldsപ്രദീപ്
കൊടുമൺ: കരൾ പകുത്തുനൽകിയിട്ടും അമൃതക്കൊപ്പം ഇനി അച്ചനില്ല. നാടിന്റെ പ്രാർഥനകൾ വിഫലമായി. ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് മകളുടെ കരൾ മാറ്റിവെച്ചിട്ടും കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി. കുറുപ്പിന്റെ (47) ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശസ്ത്രക്രിയക്കുശേഷം എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് പ്രദീപ് മരണപ്പെട്ടത്. രോഗം ബാധിച്ച് അഞ്ച് വർഷമായി ചികിത്സയിലായിരുന്നു. ഒരു വർഷമായി രോഗം ഗുരുതരമായി. ഇതോടെ വിദ്യാർഥികളായ മക്കൾ അരുണും അമൃതയും വീട്ടമ്മയായ ഭാര്യ സിനിയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതവും താളംതെറ്റി. കുടുംബത്തിന്റെ ഏകവരുമാനം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ലഭിക്കുന്ന ശമ്പളമായിരുന്നു. ഇത് നിലച്ചതോടെ മക്കളുടെ പഠനം മുടങ്ങി. പ്രദീപിന്റെ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാതെയായി.
കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന നിലയിലായി. ആര് കരൾ നൽകുമെന്നായപ്പോൾ പ്ലസ് ടു വിജയിച്ച മകൾ അമൃത (19) തയാറായി. തുടർന്ന് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്കുള്ള പണത്തിനായി നാട്ടുകാരുടെ സഹായം തേടി. എന്നാൽ, പ്രതീക്ഷിച്ച തുക ലഭിച്ചില്ല. അവസാനം അമർഷാൻ എന്ന സന്നദ്ധ സംഘടന സഹായത്തിനെത്തി. അവരുടെ ഇടപെടലിൽ തുക സ്വരൂപിക്കാനായി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2025 ഡിസംബർ 26ന് അമൃതയുടെ കരളിന്റെ 70 ശതമാനവും കരൾ അച്ഛന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചു. പക്ഷേ കുടുംബത്തിന്റെയും സുമനസ്സുകളുടെയും പ്രാർഥനകൾ ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

