വീണ്ടും ചലിച്ചുതുടങ്ങി...കൊടുമൺ റൈസ് മിൽ
text_fieldsകൊടുമൺ റൈസ് മിൽ
പത്തനംതിട്ട: ഉദ്ഘാടനത്തിന് പിന്നാലെ നിശ്ചലമായ കൊടുമൺ റൈസ് മിൽ വീണ്ടും പ്രവർത്തനം തുടങ്ങി. ജില്ലയിലെ പാടശേഖരങ്ങളിൽനിന്നുള്ള നെല്ല് പ്രാദേശികമായി കുത്തി അരിയാക്കി വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് കൊടുമൺ റൈസ് മിൽ പദ്ധതിക്ക് രൂപംനൽകിയത്.
കർഷകരിൽനിന്ന് നെല്ല് സമാഹരിച്ച് ഗുണനിലവാരമുള്ള അരി വിപണിയിലെത്തിക്കുന്ന പദ്ധതിക്ക് ജില്ല പഞ്ചായത്താണ് തുടക്കമിട്ടത്. 1.10 കോടി ചെലവിട്ട് നിർമിച്ച മില്ലിന്‍റെ പ്രവർത്തനം 2025 ജനുവരിയിലാണ് ആരംഭിച്ചത്. കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ രൂപവത്കരിച്ച സൊസൈറ്റിയുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം.
ഇഴഞ്ഞുനീങ്ങിയതിനൊടുവിലാണ് നിർമാണം പൂർത്തിയാക്കിയത്. പിന്നാലെ ഉദ്ഘാടനവും നടത്തി. എന്നാൽ, പ്രവർത്തനം തുടങ്ങി ആറാം മാസം മില്ല് തകാറിലായി. ജൂണിലെ മഴയിൽ ബ്ലോയർ പ്ലാന്റിന് മുകളിൽ നനവുണ്ടായതോടെയാണ് പ്രവർത്തനം നിലച്ചത്. എമിഷൻ ട്രീറ്റ്മെന്റ് സീവേജ് പ്ലാന്റ് (ഇ.ടി.പി) ഇല്ലാത്തതും പ്രശ്നമായി. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാണ് വീണ്ടും മില്ല് തുറന്നതെന്നാണ് അധികൃതർ പറയുന്നത്.
പുതിയ ഇ.ടി.പി പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിന്റെ 14 ലക്ഷം രൂപ ചെലവഴിച്ച് മേൽക്കൂരയും പ്ലാന്റും നിർമിച്ചു. നാട്ടിലെ നെൽപാടങ്ങളിൽ നിന്നുള്ള നെല്ല് പ്രാദേശികമായി തന്നെ കുത്തി അരിയാക്കി വിപണിയിലെത്തിക്കുന്ന സംരംഭം സംസ്ഥാനതലത്തിലും ശ്രദ്ധ നേടിയിരുന്നു.
കൊടുമൺ റൈസ് മില്ലിൽ ദിവസവും രണ്ടു ടൺ നെല്ല് അരിയാക്കാൻ കഴിയും. കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ നിന്നാണ് ഇവിടേക്കുള്ള കൂടുതൽ നെല്ലും സംഭരിക്കുന്നത്. ബാക്കി പുറത്തുള്ള കർഷകരിൽനിന്ന് സംഭരിക്കും. ഇത് കൊടുമൺ റൈസ് എന്ന പേരിൽ വിപണിയിലെത്തിക്കും. ഇതിനൊപ്പം പച്ചരി, പുട്ടുപൊടി, അപ്പപ്പൊടി, അവിൽ, നുറുക്കരി എന്നിവയും വിപണിയിൽ എത്തിക്കുന്നുണ്ട്.
കൊടുമൺ റൈസിന് ആവശ്യക്കാരേറെ
നേരത്തെതന്നെ കൊടുമൺ റൈസ് എന്ന പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു. കൊടുമണ്ണിൽ രൂപവത്കരിച്ച സൊസൈറ്റിയാണ് ഇതിനു നേതൃത്വം നൽകിയത്. കോട്ടയം വെച്ചൂരിലെ ഓയിൽ പാം ഇന്ത്യയുടെ മില്ലിൽ കൊടുമണ്ണിൽനിന്നുള്ള നെല്ല് എത്തിച്ച് അരിയാക്കി കൊടുമൺ റൈസ് എന്ന പേരിൽ വിപണിയിലെത്തിക്കുകയായിരുന്നു. ഇതിന് ആവശ്യക്കാരും ഏറെയായിരുന്നു.
വെച്ചൂരിൽ നെല്ല് എത്തിച്ച് അരിയാക്കുമ്പോഴുണ്ടാകുന്ന ഗതാഗത ചെലവ്, നെല്ല് കയറ്റിയിറക്കൽ ചെലവ് എന്നിവ വർധിച്ചതോടെയാണ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് കൊടുമൺ ഒറ്റത്തേക്കിൽ റൈസ് മിൽ സ്ഥാപിച്ചത്. കൊടുമണ്ണിൽ മില്ല് വന്നതോടെ പ്രാദേശികമായി നെൽകൃഷിക്കു പുത്തൻ ഉണർവ് കൈവന്നിരുന്നു. അറ്റകുറ്റപ്പണിക്കായി അടച്ചതോടെ വീണ്ടും കോട്ടയത്തായിരുന്നു നെല്ലുകുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

