മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി: കവുങ്ങുംകുഴി പ്ലാന്‍റിലെ മാലിന്യം സംസ്കരിക്കണം
text_fieldsകവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്‍റിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ മാലിന്യം
എരുമേലി: കഴിഞ്ഞ മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തുണ്ടായ പാണൽ ഇലകളടങ്ങിയ മാലിന്യങ്ങൾ സംസ്‌കരിക്കാതെ കവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്‍റിൽ കൂട്ടിയിട്ടിരിക്കുന്നതായി ആക്ഷേപം. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കഴിഞ്ഞ വർഷത്തെ മാലിന്യങ്ങൾ പൂർണമായും സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടന കാലത്ത് ദിനംപ്രതി ടൺ കണക്കിന് മാലിന്യങ്ങളാണ് എരുമേലിയിൽ ഉണ്ടാകുന്നത്.
എരുമേലിയിൽനിന്ന് രണ്ട് വാഹനങ്ങളിലായി നീക്കം ചെയ്യുന്ന മാലിന്യങ്ങൾ സംസ്കരണ പ്ലാന്‍റുകളിൽ എത്തിക്കുന്നു. മാലിന്യ സംസ്കരണത്തിനായി കവുങ്ങുംകുഴിയിലും കൊടിത്തോട്ടത്തിലും പ്ലാന്‍റുകളുണ്ടെങ്കിലും മാലിന്യങ്ങൾ സംസ്കരിക്കാനാവാതെ ഇവിടെ കൂടിക്കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എരുമേലിയിൽനിന്നും മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് ഏജൻസികളെ ഏർപ്പെടുത്താറുണ്ടെങ്കിലും മാലിന്യം എന്നും എരുമേലിക്ക് ഒരു ബാധ്യതയായി നിലനിൽക്കുന്നു.
കവുങ്ങുംകുഴി പ്ലാന്‍റിൽ കൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ എത്രയും വേഗം സംസ്കരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മണ്ഡലകാലത്തിന് മുമ്പായി കവുങ്ങുംകുഴി പ്ലാന്‍റിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ജൈവമാലിന്യങ്ങൾ ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചുമൂടുന്നതിനെ കുറിച്ച് പഞ്ചായത്തിൽ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

