കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
text_fieldsശ്യാംകുമാർ
അടൂർ: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. അടൂർ ഏറത്ത് അറുകാലിക്കൽ പടിഞ്ഞാറ് കുതിരമുക്ക് ഉടയൻവിള കിഴക്കേതിൽ വീട്ടിൽ ശ്യാം കുമാറിനെയാണ് (23) ജയിലിൽ അടച്ചത്.
ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറാണ് കരുതൽ തടങ്കൽ ഉത്തരവിട്ടത്. അടൂർ സി.ഐ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ, കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, മോഷണം തുടങ്ങിയ പത്തോളം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ജയിൽവാസം അനുഭവിച്ചശേഷം പുറത്തിറങ്ങിയിട്ട് മാസങ്ങൾ ആകുന്നതിനിടയിലാണ് നടപടികൾക്ക് വിധേയനാവുന്നത്.