സുരക്ഷ ഭീഷണിയിൽ കല്ലറക്കടവ് ജലശുദ്ധീകരണ ശാല
text_fieldsവാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട നഗസരസഭ കല്ലറക്കടവ് ജലശുദ്ധീകരണ പ്ലാന്റ്
പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരസഭയിൽ കുടിവെള്ള വിതരണം ചെയ്യുന്ന കല്ലറക്കടവ് വാട്ടർ അതോറിറ്റി ജലശുദ്ധീകരണ പ്ലാന്റിന് സമീപം വഴിവിളക്കില്ലാത്തത് രാത്രിയിൽ സുരക്ഷ ഭീഷണി ഉയർത്തുന്നു. അപരിചിതർ പതിവായി കല്ലറക്കടവ് റോഡിൽ തമ്പടിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ജലശുദ്ധീകരണ പ്ലാന്റിലും സുരക്ഷ ജീവനക്കാരനില്ല. പ്ലാന്റിൽ രാത്രി ഡ്യൂട്ടിയുള്ള ആളുടെ കണ്ണിൽപ്പെടാത ജലസംഭരണിക്കടുത്ത് ആർക്കും എത്താനാകും. പ്ലാന്റിന്റെ സുരക്ഷക്കായി റോഡിൽ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി അടച്ചിടാറില്ലെന്ന് ആക്ഷേപമുണ്ട്.
ഗേറ്റ് കീപ്പർക്ക് വിശ്രമിക്കാൻ മുറിയുണ്ടെങ്കിലും ഇരിക്കാനിടമില്ല. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ഗേറ്റും മുറിയും പ്രയോജനമില്ലാതെ കിടക്കുകയാണ്. മുറിയിൽ വൈദ്യുതിയും വെളിച്ചവുമില്ല. ടെലിഫോൺ ഓപറേറ്ററാണ് ആ ജോലികൂടി നോക്കുന്നത്.
വെള്ളമില്ലെന്ന പരാതി സ്വീകരിക്കുന്നത് ഫോൺ ഓപറേറ്ററാണ്. ഇദ്ദേഹമാണ് മോട്ടോർ പമ്പും ഓപറേറ്റ് ചെയ്യുന്നതെന്ന് അറിയുന്നു. പ്ലാന്റിലും ഓഫിസിലും മാത്രമാണ് വൈദ്യുതി വെളിച്ചമുള്ളത്. രാത്രിയിൽ ഇവിടെ സാമൂഹികവിരുദ്ധർ എത്താറുണ്ട്. കല്ലറക്കടവ് റോഡിൽ വഴിവിളക്ക് തെളിയാത്തതും സാമൂഹികവിരുദ്ധർക്ക് സഹായകമാകുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ ഇഴജന്തുക്കളുടെ ശല്ല്യവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
റോഡിൽ വൈദ്യുതി വിളക്ക് തെളിയിക്കണമെന്നും ജല ശുദ്ധീകരണ ശാലക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റിയും നഗരസഭയും ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

