കടവുപുഴയിൽ കാട്ടാനശല്യം പതിവ് കൈതത്തോട്ടത്തിൽ വിഹരിച്ച് ആനക്കൂട്ടം
text_fieldsകോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ ഭാഗങ്ങളിലെ ജനവാസമേഖലയിൽ കാട്ടാനശല്യം വർധിക്കുന്നു. വെള്ളിയാഴ്ച രാവിലെ കടവുപുഴയിലെ ജനവാസമേഖലയിൽ കാട്ടാനകൾ വീടുകളുടെ സമീപംവരെ എത്തി. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ കൃഷി ചെയ്യുന്ന കൈതച്ചക്ക തോട്ടത്തിലേക്കാണ് കാട്ടാനകൾ എത്തുന്നത്. കൈതച്ചക്ക തോട്ടത്തിൽ തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കാട്ടാനകൾ എത്തുന്നത്. വനമേഖലയിൽനിന്ന് കല്ലാർ കടന്നാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്.
കല്ലാറിന്റെ ഒരു വശം വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയും ഹാരിസൺ പ്ലാന്റേഷന്റെ എസ്റ്റേറ്റുമാണ്. കല്ലാറിന്റെ തീരത്തെ കടവുപുഴ ജനവാസമേഖലയാണ്. ഇവിടുത്തെ വീടുകളുടെ മുറ്റത്ത് കൂടിയാണ് കാട്ടാനകൾ എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്നതും തിരികെ വനത്തിലേക്ക് പോകുന്നതും. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് ഹാരിസൺ കമ്പനി എസ്റ്റേറ്റ് അതിർത്തിയിൽ ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിച്ചെങ്കിലും അതും ഫലപ്രദമായില്ല. സമീപത്തെ പുതുക്കുളം മേഖലയിലടക്കം അടുത്തിടെ കാട്ടാനകൾ ഇറങ്ങിയത് ജനങ്ങളിൽ വ്യാപകമായ ആശങ്ക പരത്തിയിരുന്നു.
കാട്ടാനശല്യം വർധിച്ചതോടെ വനം വകുപ്പ് മുക്കുഴിയിൽ ക്യാമ്പ് ഓഫിസ് തുടങ്ങിയിരുന്നു. കടുവുപുഴയിൽ കാട്ടാനശല്യം വ്യാപകമായതോടെ പുലർച്ച റബർ ടാപ്പിങ്ങിന് ഇറങ്ങുന്ന തൊഴിലാളികളും കൈതച്ചക്ക തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളും ഭയപ്പാടിലാണ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി നിരീക്ഷണം നടത്തിവരുന്നുണ്ട്.
ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് വനം വകുപ്പ്
പ്രദേശത്ത് കാട്ടാനയോ ആനക്കൂട്ടമോ ഇറങ്ങുമ്പോൾ ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് വനം വകുപ്പ്. രാത്രിയോ അതിരാവിലെയോ ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക. ആനകൾ ഇറങ്ങാൻ സാധ്യതയുള്ള തോട്ടങ്ങളിലും കൃഷിയിടങ്ങളിലും അനാവശ്യമായി പോകരുത്.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി റാന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസിന്റെയോ, വടശ്ശേരിക്കര റേഞ്ച് ഓഫിസിന്റെയോ, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെയോ ഫോൺ നമ്പറുകൾ കൈയിൽ കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

