കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് ബില്ല്: പൊതുവിദ്യാലയങ്ങൾക്ക് തിരിച്ചടി
text_fieldsപത്തനംതിട്ട: കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം പൊതുവിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതുവരെ സ്കൂളുകള്‍ക്ക് സൗജന്യമായിരുന്നു കെ ഫോണ്‍ കണക്ഷൻ.
സ്കൂൾ ഉച്ചഭക്ഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും, പ്രിയദർശിനി മൂലം സ്കൂൾ ബസുകൾ നഷ്ടത്തിലാകുന്ന സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. ഇനി സ്കൂളുകളോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളോ പണമടയ്ക്കണം. സര്‍ക്കാരിന്റെ കെ ഫോണ്‍ സൗജന്യമാണെന്ന് കരുതിയാണ് പല സ്കൂളുകളും കണക്ഷന് എടുത്തത്.
ഇന്റര്‍നെറ്റിന്റെ സ്പീഡ് അനുസരിച്ച് വിവിധ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയാണ് കണക്ഷന് നല്കിയിരിക്കുന്നതെന്ന അറിയിപ്പ് പിന്നീടാണ് ലഭിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് സൗജന്യ കണക്ഷനെന്ന് കെ ഫോണ്‍ അധികൃതര്‍ പറയുന്നു. ബില്ല് അടയ്ക്കാത്ത സ്കൂളുകള്‍ക്ക് കെ ഫോണ്‍ അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് തുടരണമോ വേണ്ടയോ എന്നും ചോദിച്ചിട്ടുണ്ട്.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെ.ഫോണ്‍ ഉപയോഗിച്ചതിന് ഇതിനകം പല സ്കൂളുകളിലും ബില്ല് ലഭിച്ചിട്ടുണ്ട്. പണം അടയ്ക്കാനില്ലാത്തതിനാല്‍ പലരും കെ ഫോണ്‍ കണക്ഷനുകള്‍ ഉപേക്ഷിക്കുകയാണ്. നിലവില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടയ്ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബില്ല് കൂടി ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്തുകള്‍. എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാധ്യാപകര്‍ തന്നെ ബില്ല് അടയ്ക്കേണ്ടിവരും. ഇക്കാരണത്താല്‍ അവര്‍ കെ ഫോണ്‍ വേണ്ടെന്നുവയ്ക്കുകയാണ്. 5109 കെ ഫോണ്‍ കണക്ഷനുകളാണ് ജില്ലയില്‍ നല്‍കിയിരുന്നത്. ഇതില്‍ 207 കണക്ഷനുകള്‍ സ്കൂളുകൾക്കാണ്. മറ്റു സ്കൂളുകളിലും കണക്ഷന് നല്കാന് പ്രാഥമിക നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് നിലച്ചു. കണക്ഷൻ ലഭിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് മറ്റ് സ്കൂളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

