ശബരിമല സ്വർണക്കൊള്ള; ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsപത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. ദ്വാരപാലക ശിൽപ പാളികൾ കവർന്ന കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ദേവസ്വം മിനിറ്റ്സിൽ തിരുത്തൽ വരുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ ഇവരാണ് കൈമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശുന്നത് ഉൾപ്പെടെയുള്ള ജോലികൾ തിരുവാഭരണം കമീഷണറുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കാൻ അനുവാദം നൽകാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ, ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയ അന്നത്തെ ബോർഡ് സെക്രട്ടറി എസ്. ജയശ്രീ ഇതിൽ തിരുത്തൽ വരുത്തി. പാളികളും തകിടുകളും സ്വർണം പൂശുന്നതിനായി ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് ഇവർ എഴുതിച്ചേർക്കുകയായിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും കാട്ടിയാണ് ജയശ്രീ സെഷൻസ് കോടതിയെ സമീപിച്ചത്. നേരത്തേ ഇവർ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശിച്ചായിരുന്നു ഹൈകോടതി നടപടി. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റുചെയ്തിട്ടില്ലെന്നുമാണ് സെഷൻസ് കോടതിയിലെ ഹരജിയിൽ ജയശ്രീ വിശദീകരിച്ചതെങ്കിലും കോടതി അംഗീകരിച്ചില്ല.
2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീയായിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനുശേഷം 2020 മേയിൽ വിരമിക്കുംവരെ തിരുവാഭരണം കമീഷണറായും പ്രവർത്തിച്ചു. തിരുവല്ല സ്വദേശിനിയായ ഇവർ നിലവിൽ എറണാകുളം കാക്കനാടാണ് താമസം. അതിനിടെ, കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി.
പത്മകുമാർ ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനുള്ള ഒരുക്കത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പത്മകുമാർ അന്വേഷണസംഘത്തെ അറിയിച്ചത്.
അന്വേഷണത്തിന് ഹൈകോടതി അനുവദിച്ച കാലാവധി തീരാൻ ദിവസങ്ങളേ ബാക്കിയുള്ളൂവെന്നതിനാൽ പത്മകുമാറിന്റെ ചോദ്യംചെയ്യൽ വൈകുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. അതിനിടെ പത്മകുമാറിനെ അന്വേഷണ സംഘം ഫോണിൽ വിളിച്ച് ഉടൻ ഹാജരാകാൻ നിർദേശിച്ചതായും സൂചനയുണ്ട്.
ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിൽ പത്മകുമാറും കെ.ടി. ശങ്കർദാസും പാലവിള എൻ. വിജയകുമാറും അടങ്ങുന്ന 2019ലെ ദേവസ്വം ബോർഡ് ഭരണസമിതി എട്ടാംപ്രതികയാണ്. പത്മകുമാറിനുപിന്നാലെ ഇവരെയും ചോദ്യംചെയ്യും.
മുൻ ദേവസ്വം പ്രസിഡന്റായ എൻ. വാസു അറസ്റ്റിലായതിനുപിന്നാലെയാണ് മുൻ എം.എൽ.എയും സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റംഗവുമായ പത്മകുമാറിന് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ചോദ്യംചെയ്യലിനുപിന്നാലെ പത്മകുമാറിനെ അറസ്റ്റ് ചെയ്താൽ അത് സർക്കാറിനും സി.പി.എമ്മിനും തിരിച്ചടിയാകും.
സ്വർണപ്പാളി സാമ്പിൾ 17ന് ഉച്ചക്ക് ശേഷം ശേഖരിക്കാൻ അനുമതി
കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനക്കുള്ള സാമ്പിൾ നടതുറപ്പ് ദിനമായ 17ന് ഉച്ചപൂജ കഴിഞ്ഞ് നടയടച്ച ശേഷം ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈകോടതി അനുമതി നൽകി.
മണ്ഡലകാലം ആരംഭിക്കാനിരിക്കെ 15ന് മുമ്പ് സാമ്പിൾ ശേഖരിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നതെങ്കിലും നടതുറപ്പിന് ശേഷം ‘ദേവന്റെ അനുജ്ഞ’ അനുസരിച്ച് വേണമെന്ന് ദേവസ്വം ബോർഡിനോട് തന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് തീയതി മാറ്റി നൽകിയത്.
ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയിൽ നിന്നാണ് സാമ്പിൾ ശേഖരിക്കുക. 1998ൽ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ സാമ്പിളും ഇതോടൊപ്പം പരിശോധിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

