ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേട്; പരിശോധന പൂർത്തിയാക്കി വിജിലൻസ്
text_fieldsപത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന വിജിലൻസ് നടത്തിയ ആദ്യഘട്ട പരിശോധ പൂർത്തിയാക്കി. വിശദ റിപ്പോർട്ട് ഉടൻതന്നെ കോടതിയിൽ സമർപ്പിക്കും. കോടതിയുടെ നിർദേശപ്രകാരം തുടർ നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ നീക്കം.
കഴിഞ്ഞ തീർത്ഥാടന കാലത്ത് സന്നിധാനത്തെ ഒരു നെയ്യ് കൗണ്ടറിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതേതുടർന്ന് ശബരിമല സ്‌പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജിലൻസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.
എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. കേസിൽ പ്രതിപട്ടികയിലുളള ദേവസ്വം ജീവനക്കാരനായ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെയാണ് മാത്രമാണ് അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 33പേർ പ്രതികളുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ശബരിമലയിൽ നെയ്യഭിഷേകം നടത്താൻ കഴിയാത്തവർക്കായാണ് ദേവസ്വം ബോർഡ് ആടിയശിഷ്ടം നെയ്യ് വിൽപ്പന ആരംഭിച്ചത്. 100മില്ലി നെയ്യ് പായ്ക്കറ്റിന് 100 രൂപയാണ് വില. തീർത്ഥാടന കാലത്തുമാത്രം ആയിരക്കണക്കിന് പായ്ക്കറ്റ് നെയ്യാണ് ഒരു കണക്കുമില്ലാതെ വിറ്റഴിച്ചതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ ജീവനക്കാർ കൈക്കലാക്കിയെന്നാണ് സൂചന.
തീർത്ഥാടന കാലത്തിന്റെ അവസാന നാളുകളിൽ ഹൈകോടതിയുടെ ഉത്തരവു പ്രകാരം സന്നിധാനത്ത് എത്തിയ വിജിലൻസ് സംഘം നെയ്യ് കൗണ്ടറുകളിലും ദേവസ്വം ഓഫിസിലും നെയ്യ് പായ്ക്കുചെയ്യുന്ന ഇടങ്ങളിലും വിശദമായ പരിശോധന നടത്തി. ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
നെയ്യ് വിൽപ്പനയിലും കണക്ക് സൂക്ഷിക്കുന്ന കാര്യത്തിലും ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

