കൃഷിക്കും അന്തർസംസ്ഥാന തൊഴിലാളികൾ മുന്നിൽ
text_fieldsപന്തളത്തെ പാടശേഖരങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൃഷിയിറക്കുന്നു
പന്തളം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും കൃഷി കൈവിടാൻ കർഷകർ ഒരുക്കമല്ല. പന്തളം നഗരസഭയിലെയും, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ കൃഷിയിറക്കി തുടങ്ങി. നാട്ടിലെ കർഷകരുടെ കുറവ് കാരണം അന്തർ സംസ്ഥാന തൊഴിലാളികളാണ് പാടത്തെ കൃഷിക്കും മുമ്പിൽ. മുപ്പതിലധികം അന്തർ സംസ്ഥാന തൊഴിലാളികളാണ് വെള്ളിയാഴ്ച കുളനട പഞ്ചായത്തിലെ മാന്തുക പാടശേഖരത്തിൽ ഞാർ നടാനെത്തിയത്. പാടത്തെ കൃഷിയിൽ ആദ്യം ഇവർ എത്തിയിരുന്നില്ലെങ്കിലും സ്ത്രീകളുൾപ്പെടെ അന്തർ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പാടത്ത് എല്ലാ സമയത്തും കൃഷിക്കെത്തുന്നുണ്ട്. നാട്ടിൽ കൃഷിയിൽ വൈദഗ്ദ്ധ്യമുള്ളവരും ഇവരുടെ കൂട്ടത്തിലുണ്ട്.
പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാടം, കുളനട പഞ്ചായത്തിലെ മാന്തുക ഒന്നും രണ്ടും പുഞ്ചകൾ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടം എന്നിവിടങ്ങളിലാണ് കൃഷി തുടങ്ങിയത്. പാട്ടത്തിനെടുത്ത പാടത്ത് കഷ്ടപ്പെട്ട് കൃഷിയിറക്കി കൊയ്തെടുത്ത നെല്ല് അളന്നുകൊടുത്ത് പണത്തിനായി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും കൃഷി കൈവിടാൻ യുവാക്കളുൾപ്പെടെ കർഷകർക്കാവില്ല എന്നതിന് തെളിവാണ് ഇക്കുറിയും പാടങ്ങളെല്ലാം പച്ച പുതയ്ക്കുന്നത്.
യുവാക്കൾ കൃഷിയിൽനിന്ന് പിന്മാറുന്ന കാലത്ത് കരിങ്ങാലിപ്പാടത്ത് മൂന്നു വർഷമായി യുവ കർഷകർ രംഗത്തുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ ഡീസൽ പമ്പ് ഉപയോഗിച്ചായിരുന്നു മുൻ വർഷങ്ങളിൽ പാടത്തെ വെള്ളം വറ്റിക്കുകയും ആവശ്യാനുസരണം കയറ്റുകയും ചെയ്തിരുന്നത്. യന്ത്രം ഇറക്കിയാൽ പുതഞ്ഞുപോകുന്നതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം. വെള്ളം പൂർണമായും വറ്റിച്ചശേഷമേ നിലം ഒരുക്കുവാനാകു. പാടത്ത് വെള്ളം അധികമായാൽ തുറന്നുവിട്ട് കളയുന്നതിനും സൗകര്യം വേണം. ജലസേചനത്തിനായി പെട്ടിയും പറയും വെയ്ക്കാനും വൈദ്യുതി ലൈൻ വലിക്കാനും കഴിഞ്ഞാൽ നവംബറിൽ കൃഷിയാരംഭിച്ച് മഴക്കാലത്തിന് മുമ്പ് കൊയ്ത് കയറാനാകും.
വർഷകാലത്ത് പാടത്ത് നിറഞ്ഞുനിൽക്കുന്ന വെള്ളം ആറ്റിലേക്ക് അടിച്ചുവറ്റിച്ചശേഷമാണ് കൃഷിയിറക്കിയിരുന്നത്. മുമ്പ് വെള്ളം മോട്ടോറുപയോഗിച്ച് അടിച്ചുവറ്റിച്ചാണ് നിലമൊരുക്കി കൃഷിറക്കിയിരുന്നത്. ഇന്ന് ഈ സൗകര്യം ഇല്ല. വെള്ളം തനിയെ വറ്റുന്നതുവരെ കാത്തിരുന്ന് കൃഷിയിറക്കാൻ താമസിക്കുമെന്നതിനാൽ കൊയ്ത്ത് മഴക്കാലത്തേക്ക് നീങ്ങും. ഇത് കൃഷിനാശത്തിനും കൊയ്ത്ത് വെള്ളത്തിലാകാനും കാരണമാകും. കഴിഞ്ഞ വർഷങ്ങളിലെല്ലാം വരൾച്ചയും കൊയ്ത്ത് സമയത്തുള്ള വെള്ളപ്പൊക്കവും കർഷകരെ വിഷമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

