അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന
text_fieldsപന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
പന്തളം: വൃത്തിഹീനമായ സാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളിൽ വ്യാപക പരിശോധന. നഗരസഭ ഉദ്യോഗസ്ഥരും കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ നാല് കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തു. പന്തളം കടയ്ക്കാട് ഷാഹിന മൻസിലിൽ മുഹമ്മദ് ഷാഫി, പന്തളം, കുരമ്പാല, അൻവർ മൻസിൽ അൻവർ ഹുസൈൻ, തോന്നല്ലൂർ പാട്ടുകാരൻ തുണ്ടിൽ സാബു, തോന്നല്ലൂർ മഠത്തിൽ നിയാസ് എന്നിവർക്കെതിരെയാണ് നടപടി.
വൃത്തിഹീനമായ കടകളും അടപ്പിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പലതവണ താക്കീതു നൽകിയിട്ടും ഒരു മാറ്റവുമില്ലാതെ വൃത്തിഹീനമായ സാഹചര്യം തുടരുകയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഇടുങ്ങിയ മുറിയിലെ താമസം, മാലിന്യം നീർച്ചാലിലേക്ക് ഒഴുക്കൽ, വൃത്തിഹീനമായ ശൗചാലയങ്ങൾ, മുറികളിൽ മാലിന്യം കൂട്ടിവെക്കൽ ദുർഗന്ധം, പാചകവാതക സിലിണ്ടറുകൾ അലക്ഷ്യമായി സൂക്ഷിക്കൽ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തി. പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൻ സുനിത വേണു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സാബിറ ബീവി, മെഡിക്കൽ ഓഫിസർ ഡോ. ഹരികുമാർ, നഗരസഭ സെക്രട്ടറി ഇ.ബി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം, ജെ.എച്ച്.ഐ വി.എസ്. സജിത്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

