പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം
text_fieldsപത്തനംതിട്ട നഴ്സിങ് കോളജ്
പത്തനംതിട്ട: കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം. അംഗീകാരം വൈകിയത് പരീക്ഷഫലത്തെയും ബാധിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐ.എൻ.സി) അംഗീകാരമില്ലാത്തതിനൊപ്പം കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ആരോപിച്ച് വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു.
അടുത്തിടെ കോളജിന് ബസും അനുവദിച്ചിരുന്നു. കോളജിന് സ്വന്തമായി ബസില്ലാത്തത് വിദ്യാർഥികളെ വലച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. പ്രാക്ടിക്കൽ ക്ലാസിനായി കോന്നി മെഡിക്കൽ കോളജിലേക്കടക്കം സ്വന്തമായി പണം മുടക്കിയാണ് വിദ്യാർഥികൾ പോയിരുന്നത്.
നിരവധി തവണ വാഹനത്തിന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ അടക്കം ഉപരോധിച്ചത്. മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ 2023ൽ തുടങ്ങിയ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാലാണ് നഴ്സിങ് കൗണ്‍സില്‍ അംഗീകാരം നീണ്ടത്. സ്വകാര്യ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് കോളജ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം അംഗീകരിച്ചാണ് ഇപ്പോൾ ഐ.എൻ.സി. നടപടി. നിലവിൽ 118 വിദ്യാർഥികളാണ് ഇവിടെ ബി.എസ്.സി നഴ്സിങ് പഠിക്കുന്നത്. കേരള ആരോഗ്യ സർവകലാശാലയുടെ താത്കാലിക അനുമതിയിലായിരുന്നു പഠനം.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡ പ്രകാരം കോളജ് താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാമെങ്കിലും രണ്ടു വർഷത്തിനുള്ളിൽ സ്വന്തം കെട്ടിടം നിർമിച്ച് മാറണം. എന്നാൽ, ഇതുവരെ സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.
പത്തനംതിട്ട നഗരത്തിന്റെ നടുവിൽ റോഡുവക്കിലുള്ള വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ കോളജ് പ്രവർത്തനം. വാഹനങ്ങളുടെ ശബ്ദമടക്കം വിദ്യാർഥികൾക്ക് അലോസരം സൃഷ്ടിക്കുന്നതായി പരാതിയുണ്ടായിരുന്നു. പത്തനംതിട്ട നഴ്സിങ് കോളജിന് അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇതോടെ പുതുതായി ആരംഭിച്ച എല്ല സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിങ് കോളജുകള്‍ക്കും അനുമതി ലഭ്യമായി. ഈ സര്‍ക്കാറിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിങ് കോളജുകളാണ് ആരംഭിച്ചത്. നാലു മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജും നഴ്സിങ് കോളജുമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നേരത്തെയുണ്ടായിരുന്ന 478 ബി.എസ്.സി. നഴ്സിങ് സീറ്റ് 1130 ആയി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

