പുരപ്പുറ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം
text_fieldsസൗര സബ്സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലംതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
പത്തനംതിട്ട: ഊര്‍ജ ഉൽപാദന-പ്രസരണ രംഗത്ത് ഏറ്റവും ശ്രദ്ധേയ ഇടപെടലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന് മുഖേന നടപ്പാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സബ്സിഡിയോടുകൂടി സോളാര്‍ പാനല്‍ സ്ഥാപിച്ച് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സൗരോര്‍ജം ഉപയോഗപ്പെടുത്താം. ഇതിലൂടെ വൈദ്യുതി ചാര്‍ജ് അടക്കേണ്ടാത്ത സാഹചര്യം സൃഷ്ടിക്കാന്‍ കഴിയും. ഇലന്തൂര്‍ പഞ്ചായത്തിലെ പൂക്കോട് പുതുപറമ്പില്‍ പി.എന്‍. ശിവരാജിന്റെ വീട്ടിലാണ് ആദ്യഘട്ടത്തില്‍ സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം നടന്നത്. ആദ്യഘട്ടത്തില്‍ 4.8 കിലോവാട്ട് സോളാര്‍ നിലയം കമീഷന് ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ സോളാര്‍ നിലയത്തില്‍നിന്ന് ഉപയോക്താവിന് പ്രതിമാസം 575 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാന് സാധിക്കും. വൈദ്യുതി ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി യൂനിറ്റിന് നിശ്ചിത വിലയ്ക്ക് കെ.എസ്.ഇ.ബിക്ക് നല്‍കാം. 2,47,064 രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച നിലയത്തിന് സബ്സിഡി തുകയായ 57,400 കുറച്ച് 1,89,664 രൂപയാണ് ഉപയോക്താവിന് അടക്കേണ്ടിവന്നത്.
ഉപയോക്താവിന് മുടക്കുമുതല്‍ ഏകദേശം അഞ്ച്-ആറു വര്‍ഷംകൊണ്ട് തിരികെ ലഭിക്കും. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ജയന്, പഞ്ചായത്ത് അംഗം ഗീത സദാശിവന്, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ വി.എന്‍. പ്രസാദ്, എക്സിക്യൂട്ടിവ് എൻജിനീയര്‍ ബിജുരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ടി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

