സ്റ്റാൻഡിൽ ‘വീണാൽ’ ചികിത്സ പുറത്ത്
text_fieldsപത്തനംതിട്ട പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിൽ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ആരോഗ്യജാലകം പ്രഥമശുശ്രൂഷ കേന്ദ്രം
പത്തനംതിട്ട: പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിലെ ആരോഗ്യജാലകം പ്രഥമശുശ്രൂഷ കേന്ദ്രം പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ഹാജി സി. മീരാസാഹിബ് സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ 2018 ജൂണിലാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇത് പൂട്ടുകയായിരുന്നു. ആരോഗ്യ കേരളത്തിന്റെയും പത്തനംതിട്ട നഗരസഭയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങള്‍ക്ക് സൗജന്യ അടിയന്തര പ്രഥമശുശ്രൂഷ ലഭ്യമാക്കാനാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
യാത്രക്കാര്‍ അപകടത്തിൽപെടുകയോ, ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഇവിടെ പ്രഥമശുശ്രൂഷ നല്‍കുകയായിരുന്നു ലക്ഷ്യം. നിരവധിപേർക്ക് ഇത് പ്രയോജനപ്പെട്ടിരുന്നു.
ഇതിനുപുറമെ ജീവിതശൈലീ രോഗനിര്‍ണയം, ശ്വാസതടസ്സത്തിന് നെബുലൈസേഷൻ, മുലയൂട്ടാനുള്ള സൗകര്യം, ആരോഗ്യ സംബന്ധമായ കൗൺസലിങ്, ബി.എം.ഐ നിർണയം എന്നിവയും ഈ കേന്ദ്രത്തിലൂടെ ലഭ്യമായിരുന്നു.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയായിരുന്നു സേവനം. ബസ്സ്റ്റാൻഡിന്റെ അനൗൺസ്മെന്റ് കേന്ദ്രത്തോട് ചേർന്ന മുറിയിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ബി.പി, ഷുഗർ എന്നിവ പരിശോധിക്കാൻ ധാരാളം പേരാണ് ഇവിടെ എത്തിയിരുന്നത്. കേന്ദ്രം തുറക്കണമെന്ന് ബസ് ജീവനക്കാരുടെ സംഘടനകളും വ്യാപാരികളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.