വെള്ളപ്പൊക്കത്തിന് എങ്ങനെ ഷട്ടർ ഇടും; വരാൽ പാലത്തിന് കുറുകെയുള്ള ഷട്ടറിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യം
text_fieldsതിരുവല്ല: തിരുമൂലപുരം ഭാഗത്തെ മുന്നൂറോളം കുടുംബങ്ങൾ നേരിടുന്ന നിരന്തര വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണാൻ വരാൽ പാലത്തിന് കുറുകെയുള്ള ഷട്ടറിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യം. മണിമലയാറിന്റെ കൈവഴിയായി ഒഴുകുന്ന തോടിന് കുറുകെ നിർമിച്ച ഷട്ടറിന്റെ തകരാറാണ് ദുരിതങ്ങൾക്ക് ഇടയാക്കുന്നത്.
മഴ ശക്തമാകുന്നതോടെ നഗരസഭയിലെ 17, 18 വാർഡുകളിലെ മംഗലശ്ശേരി, പുളിക്കത്തറ, ആറ്റുമാലി, അടുംമ്പട, പള്ളിക്കോളനി, ഇടമനത്തറ, ഞാവനാകുഴി പ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാവും. ഒഴുക്ക് വർധിക്കുന്നതോടെ ഷട്ടർ അടയ്ക്കുന്നതാണ് പ്രശ്നമാകുന്നത്.
വെള്ളം കടത്തിവിടാൻ ഷട്ടർ തുറന്നാൽ 17-ാം വാർഡിൽ ഉൾപ്പെടുന്ന അടുംമ്പട, പള്ളിക്കോളനി, ഇടമനത്തറ , ഞാവനാകുഴി പ്രദേശങ്ങളിൽ വെള്ളം ഉയരും. പരീക്ഷണാടിസ്ഥാനത്തിൽ മീന്തലവയൽ പുഞ്ചയിൽ 1975 ൽ ആരംഭിച്ച കൃഷിക്കായാണ് പ്രദേശങ്ങളുടെ മധ്യഭാഗത്തായി തടികൊണ്ടു ഷട്ടർ നിർമിച്ചത്.
പിന്നീട് ഇത് ഇരുമ്പ് ഷട്ടർ ആക്കി മാറ്റി. നിർമാണത്തിലെ പിഴവും സംരക്ഷണ ഭിത്തി തകർന്നതും മൂലം മണിമലയാറ്റിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ശേഷി നഷ്ടപ്പെട്ടു. പ്രദേശവാസികളുടെ നിരന്തര പരാതികളെ തുടർന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പലവട്ടം പരിശോധന നടത്തിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

