വീടുകയറി ആക്രമണം;രണ്ടുപ്രതികൾ പിടിയിൽ
text_fieldsഅജിൻ, വിഷ്ണു മോഹൻ
പത്തനംതിട്ട: വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10. 30 ന് അടൂർ ചൂരക്കോട് ബദാം മുക്ക് കല്ലുവിളയിൽ അനന്തുവിന്റെ(28) വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെയും സുഹൃത്ത് മണ്ണടി പാറവിള പുത്തൻവീട്ടിൽ അയ്യപ്പനെയും(36) പ്രതികൾ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതിൽ വിഷ്ണു മോഹൻ (30), മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ അജിൻ (28) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തത്.
അനന്തുവും കുടുംബവും താമസിക്കുന്ന കല്ലുവിളയിൽ വീടിന്റെ മുൻവശത്ത് നിന്ന ഇയാളെ അസഭ്യം വിളിച്ചുകൊണ്ട് പ്രതികൾ വീടിനു നേരേ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞു. തുടർന്ന്, വടിവാളുമായി വീട്ടിൽ കയറി സിറ്റൗട്ടിൽ ഇരുന്ന സുഹൃത്ത് അയ്യപ്പനെയും അനന്തുവിനെയും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട അയ്യപ്പൻ സുഹൃത്തിന്റെ ബൈക്കിന് പിന്നിൽ, ചികിത്സക്കായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോൾ നെല്ലിമൂട്ടിപ്പടിയിൽ കാർ ഇട്ട് തടഞ്ഞുനിർത്തിയും മർദിച്ചു. ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

