കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്കില്‍ ആശുപത്രി മാലിന്യപ്ലാന്റ്; ജനകീയ പ്രതിഷേധം ശക്തം
text_fieldsകലഞ്ഞൂർ: ജനവികാരം മറികടന്ന് ഇളമണ്ണൂര്‍ കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്കില്‍ ആശുപത്രി മാലിന്യപ്ലാന്റിന് അനുമതി നല്‍കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിലാണ് ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് വിഭാവനംചെയ്യുന്നത്. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്ലാന്റിന് പാരിസ്ഥിതിക അനുമതി നല്‍കിയത് റദ്ദ് ചെയ്യണമെന്ന് അഞ്ചുമല പൈതൃക സംരക്ഷണസമിതി ആവശ്യപ്പെട്ടു.
2024 സെപ്റ്റംബര്‍ ഏഴിന് പ്രദേശത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പൊതുജനാഭിപ്രായം തേടലില്‍ ജനപ്രതിനിധികളും ഏനാദിമംഗലം പഞ്ചായത്ത് അധികൃതരും പ്രദേശത്തെ സംഘടനകളും വ്യക്തികളും ഉന്നയിച്ച ആക്ഷേപങ്ങളോ പരാതികളോ അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ പാരിസ്ഥിതിക അനുമതി നല്‍കിയിട്ടുള്ളതെന്ന് പൈതൃക സംരക്ഷണസമിതി ഭാരവാഹികളായ പി.രവീന്ദ്രന് നായര്‍, സെക്രട്ടറി ആര്.സുധീഷ്കുമാര്‍, ട്രഷറര്‍ എന്‍.കെ.സതികുമാര്‍ എന്നിവര്‍ പറഞ്ഞു.
മാലിന്യപ്ലാന്റിനായി 2022-ലാണ് പഠനം നടത്തിയത്. ഇപ്പോള്‍ പഠനം നത്തിയ ഈ പ്രദേശത്തിന് ചുറ്റും വലിയ ജനവാസമേഖലയുമാണ്. അതിനാല്‍ തന്നെ പ്ലാന്റിനെതിരേ ശക്തമായ സമരം തുടരാന്‍ അഞ്ചുമലപ്പാറ പൈതൃക സംരക്ഷണസമിതി തീരുമാനിച്ചു.
ജനങ്ങളുടെ വലിയ പ്രതിഷേധത്തെ മറികടന്ന് ആശുപത്രി മാലിന്യപ്ലാന്റിന് അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് പഞ്ചായത്തംഗം സതീഷ്കുമാര്‍ ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രദേശത്ത് നടത്തിയ പൊതു അഭിപ്രായംതേടലില് പ്ലാന്റിനെതിരെ ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഐകകണ്ഠ്യേന രംഗത്തെത്തിയിരുന്നു.
പാരിസ്ഥിതിക അനുമതി നല്കിയ തീരുമാനത്തിനെതിരെ സമരം ആരംഭിക്കുമെന്നും സതീഷ്കുമാര്‍ പറഞ്ഞു.
പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
കൊടുമൺ: ഏനാദിമംഗലം പഞ്ചായത്തിൽ ഭക്ഷ്യ സംസ്കരണ ഫാക്ടറികൾ ഉൾപ്പെടുന്ന കിൻഫ്രപാർക്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദി ജില്ല പ്രസിഡന്റ് എ.സുസ്ലോവ്. മാലിന്യം പുറത്തേക്ക് വ്യാപിച്ച് ഭക്ഷ്യസംസ്കരണ പ്ലാൻറുകളും പ്രദേശവാസികളുടെ കുടിവെള്ള സ്രോതസും മലിനപ്പെടാനുള്ള സാധ്യതയേറെയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ട പരിസ്ഥിതി ആഘാത സമിതി ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളായി മാറിയിരിക്കുകയാണെന്ന് വർത്തമാനകാല സംഭവങ്ങൾ തെളിയിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ അതിനെതിരായ സമീപനം സ്വീകരിക്കുന്നത് അപലപനീയമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.