വേനലവധിക്ക് സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: വേനലവധിക്ക് സ്കൂൾ അടച്ചാലും നൂലാമാലകളോടെ ഹയർ സെക്കൻഡറി പരീക്ഷ തുടരും. അക്കാദമിക് കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി ഉൾപ്പെടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കും. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നത് സ്കൂൾ അടച്ചശേഷമുള്ള മാർച്ച് 29 ലെ ശനിയാഴ്ചയാണ്. അക്കാദമിക് കലണ്ടർ ശ്രദ്ധിക്കാതെയാണ് പരീക്ഷ ഷെഡ്യൂൾ തയ്യാറാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
സറണ്ടർ ആനുകൂല്യം തത്വത്തിൽ നൽകാത്ത സാഹചര്യം മുൻനിർത്തി വേനലവധി ദിവസം കൂടി പരീക്ഷ വെച്ചതാണോയെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ചോദിക്കുന്നു. മാർച്ച് 31 ന് വിരമിക്കുന്ന അധ്യാപകർ സ്കൂൾ അടയ്ക്കുന്ന 28 ന് സ്വന്തം സ്കൂളിലെത്തി അവസാന ദിവസത്തെ ഒപ്പ് രേഖപ്പെടുത്തി പിരിഞ്ഞു പോകാനാകാതെ 29 ന് പരീക്ഷ ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങേണ്ടി വരും.
പ്ലസ് വണ്ണിന് പഠിക്കുന്ന മുഴുവൻ കുട്ടികളോടൊപ്പം ബഹുഭൂരിപക്ഷം പ്ലസ്ടൂ വിദ്യാർഥികൾ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലീഷ് വിഷയമാണ് അന്നേ ദിവസം പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പരീക്ഷയുമാണിത്. എസ്.എസ്.എൽ.സി പരീക്ഷകളൊക്കെ മുന്നേ അവസാനിച്ച് 28 ന് സ്കൂളും അടയ്ക്കുന്ന സാഹചര്യത്തിൽ 29 ലെ പരീക്ഷ രാവിലെ നടത്താവുന്നതാണ്.
അങ്ങനെ ചെയ്താൽ മിക്കവാറും സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ യാത്രയാക്കാനും മറ്റുള്ളവർക്ക് കഴിയും. കൂടാതെ 4.15ന് പരീക്ഷ അവസാനിച്ച ശേഷം ഇത്രയേറെ പേപ്പറുകൾ എണ്ണി തിരിച്ച് പായ്ക്ക് ചെയ്യാൻ സമയം വൈകും.
അന്നേ ദിവസം ഉത്തരക്കടലാസ് കെട്ടുകൾ പോസ്റ്റ് ചെയ്യാൻ കഴിയില്ല. തുടർന്ന് വരുന്ന പൊതുഅവധി ദിവസങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ കെട്ടുകൾ അയയ്ക്കാൻ സാധിക്കൂ. അതുവരെ ഉത്തരക്കടലാസ് സുരക്ഷിതമായി സ്കൂളിൽ സൂക്ഷിക്കേണ്ട ബാധ്യത ചീഫ് സൂപ്രണ്ടിനാവും. പരീക്ഷ തീരുന്ന 29 ന് തന്നെ ഡെപ്യൂട്ടി ചീഫിനെ വിടുതൽ ചെയ്ത് സ്വന്തം സ്കൂളിലേക്ക് മടക്കുകയും വേണം.
പലവിധ സാങ്കേതിക പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതായതിനാൽ സ്കൂൾ അടച്ചശേഷം നടക്കുന്ന പരീക്ഷ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല പ്രസിഡൻറ് പി. ചാന്ദിനി വാർത്തക്കുറിപ്പിൽ പറഞ്ഞു.
- എസ്.എസ്.എൽ.സി പരീക്ഷകളൊക്കെ മുന്നേ അവസാനിച്ച് 28ന് സ്കൂളും അടക്കുന്ന സാഹചര്യത്തിൽ 29 ലെ പരീക്ഷ രാവിലെ നടത്താവുന്നതാണ്.
- മാർച്ച് 31ന് വിരമിക്കുന്ന അധ്യാപകർ സ്കൂൾ അടക്കുന്ന 28ന് സ്വന്തം സ്കൂളിലെത്തി അവസാന ദിവസത്തെ ഒപ്പ് രേഖപ്പെടുത്തി പിരിഞ്ഞു പോകാനാകാതെ 29ന് പരീക്ഷ ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങേണ്ടി വരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

