ജില്ല പൈതൃക മ്യൂസിയത്തിന് അവഗണന; മ്യൂസിയം ചിതലെടുത്ത് നശിക്കുന്നു
text_fieldsപൈതൃക മ്യൂസിയം കെട്ടിടം
കോന്നി: സംസ്ഥാനത്ത് ഒരു പൈതൃക ദിനം കൂടി കടന്ന് പോകുമ്പോഴും കോന്നിയിലെ ജില്ല പൈതൃക മ്യൂസിയത്തിൽ പൊടിപിടിച്ച് കിടപ്പുണ്ട് കുറേ പുരാവസ്തുക്കൾ. പത്തനംതിട്ട ജില്ലയുടെ പൈതൃകം വരുംതലമുറക്ക് പരിചയപ്പെടുത്താൻ തുടക്കമിട്ട മ്യൂസിയം ഇന്ന് ചിതലെടുത്ത് നശിക്കുകയാണ്. മ്യൂസിയത്തിനായി കോന്നി ആനത്താവളത്തോട് ചേർന്ന് മൂന്ന് കെട്ടിടങ്ങളാണ് വനം വകുപ്പ് വിട്ടുനൽകിയത്. ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് ഇവ പുനരുദ്ധരിക്കുകയും ചെയ്തു. അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനവും നടത്തി. നാലുവർഷം കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പിന്നീട് മ്യൂസിയത്തിന്റെ കാര്യം എല്ലാവരും മറന്നു.
2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് പന്തളം എൻ.എസ്.എസ് കോളജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേക്ഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചാണ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എഴുനൂറിൽപരം ആളുകൾ നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്ന പൈതൃക സ്വത്തുക്കളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്.

