പൈതൃക സ്വത്തുക്കൾ ചിതലരിക്കുന്നു
text_fieldsപൈതൃക മ്യൂസിയത്തിനായി ഏറ്റെടൂത്ത കെട്ടിടങ്ങൾ
കോന്നി: പുരാവസ്തു വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം ജില്ലയുടെ പൈതൃക സ്വത്തുക്കൾ കോന്നി ആനത്താവളത്തിലെ പുരാവസ്തുവക കെട്ടിടത്തിൽ ചിതലരിക്കുന്നു. ജില്ലയുടെ പൈതൃകം വരുംതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി തുടക്കമിട്ട ജില്ല പൈതൃക മ്യൂസിയവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് രണ്ട് ഉദ്ഘാടനങ്ങൾ നടന്നിരുന്നു. സാംസ്കാരിക വകുപ്പ് തിരിഞ്ഞുനോക്കാത്തത് മൂലം നൂറിലധികം വരുന്ന പുരാതന പൈതൃക സ്വത്തുക്കളാണ് നശിക്കുന്നത്.
ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് കോന്നി എം.എൽ.എ ആയിരുന്ന കാലത്താണ് പൈതൃക മ്യൂസിയം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നത്. യു.ഡി.എഫ് മന്ത്രിസഭയിലെ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഇതിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. ഉദ്ഘാടനത്തിനുശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചിരുന്നു.
പിന്നീട് പദ്ധതി തന്നെ ‘മ്യൂസിയ’ത്തിൽ കയറി. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നടപ്പാക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. ഇതോടെയാണ് ജില്ലയിലെ മ്യൂസിയം സ്ഥാപിക്കാൻ കോന്നിയെ തെരഞ്ഞെടുത്തത്.
ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനംവകുപ്പ് വിട്ടുനൽകുകയും ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് പുനരുദ്ധരിക്കുകയും ചെയ്തു. വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ ചുവപ്പുനാടയിൽ കുരുങ്ങി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ 700ൽപരം ആളുകൾ നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്ന പൈതൃക സ്വത്തുക്കളാണ് നശിക്കുന്നത്.
2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് പന്തളം എൻ.എസ്.എസ് കോളജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സ ഉപകരണങ്ങൾ, വിവിധ ആചാരാനുഷ്ഠങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചത്.

