ജില്ലയിൽ കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയർന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. വ്യാപകമായി നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. മഴക്കൊപ്പം വിശിയടിച്ച കാറ്റാണ് ഏറെ നാശം വിതച്ചത്. ലക്ഷങ്ങളുടെ കൃഷി നശിച്ചു. ഓണം ലക്ഷ്യമാക്കി കൃഷി ചെയ്ത ഏത്തവാഴകളടക്കം വ്യാപകമായി കാറ്റിൽ ഒടിഞ്ഞു. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ തകർന്നും കെ.എസ്.ഇ.ബിക്കും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മിക്ക സ്ഥലങ്ങളിലും വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്. മലയോര മേഖലയിലും നഗരങ്ങളിലും വ്യാപകമായി മരച്ചില്ലകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതം തടസ്സപ്പെട്ടു. ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, കോന്നി മേഖലകളിൽ കനത്ത മഴയാണ്. മഴ ശക്തമായി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നമെന്ന ആശങ്കയിലാണ്. അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു.
മണിമലയാറിൽ ജല നിരപ്പ്ഉയർന്നതോടെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. മഴക്കെടുതി പരിഗണിച്ച് അഗ്നിരക്ഷാസേന പ്രത്യേക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു.
അബാൻ മേൽപാലത്തിൻെറ സംരക്ഷണഭിത്തി തകർന്നു
പത്തനംതിട്ട: അബാൻ മേൽപാലത്തിന്റെ ഒരുവശത്തെ സർവിസ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. തിങ്കളാഴ്ച വൈകീട്ട് കനത്ത മഴയിലാണ് സംഭവം. 200 മീറ്ററോളം പൂർണമായും നിലംപതിച്ചു. അശാസ്ത്രീയമായ രീതിയിൽ സംരക്ഷണഭിത്തി കെട്ടിയതാണ് തകരാൻ ഇടയായത്. പഴയ ബസ് സ്റ്റാനഡിന് വടക്ക് വശത്ത് മേൽപാലവും സർവിസ് റോഡും തുടങ്ങുന്ന ഭാഗത്താണ് സംരക്ഷണഭിത്തി തകർന്നത്. കരിങ്കല്ല് കെട്ടിയ ഭാഗമാണ് തകർന്നത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നു. മേൽപാലത്തിന്റെ ഇരുവശത്തുമായാണ് സർവിസ് റോഡ് നിർമിക്കുന്നത്. മേൽപാലം പണി ഇഴഞ്ഞ് നീങ്ങുകയാണ്.
തിരുവല്ല താലൂക്കിലും നാശം
തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കു മുകളിലേക്കും വൈദ്യുതി ലൈനുകളിലേക്കും മരങ്ങള്‍ കടപുഴകി. 23 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. 164 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. 11 കെ.വി ലൈനിലെ 20 പോസ്റ്റുകളാണ് തിരുവല്ല ഡിവിഷന് പരിധിയില്‍ ഒടിഞ്ഞത്. ഗാര്‍ഹിക കണക്ഷനുള്ള 144 പോസ്റ്റും ഒടിഞ്ഞു. 11 കെ.വി ലൈന്‍ മൂന്നിടത്ത് മരം വീണ് പൊട്ടി. 268 ഇടത്ത് എല്‍.ടി ലൈനുകള്‍ പൊട്ടിവീണു. 115 ഇടങ്ങളില്‍ മരക്കൊമ്പുകള്‍ ലൈനില്‍ വീണു.
കടപ്രയില്‍ ആറും കുറ്റൂര്‍ പഞ്ചായത്തില്‍ അഞ്ചും വീടുകള്‍ക്ക് മരം വീണ് കേടുപാടുണ്ടായി. പെരിങ്ങര, കാവുംഭാഗം, നിരണം വില്ലേജ് പരിധിയില്‍ മൂന്ന് വീതവും കുറ്റപ്പുഴയില്‍ രണ്ടും വീടുകള്‍ തകര്‍ന്നു. തിരുവല്ല വില്ലേജ് ഓഫിസ് പരിധിയില്‍ ഒരുവീടിനും മരം വീണ് തകരാറുണ്ടായി.
ഓതറ ഗവ. എല്‍പി സ്കൂളിന്റെ മുകളില്‍ മരം വീണു. ക്ലാസ് മുറി, അടുക്കള, ജലസംഭരണി എന്നിവ തകര്‍ന്നു. സമീപപുരയിടത്തില്‍ നിന്ന ആഞ്ഞിലിയാണ് കടപുഴകിയത്. തെങ്ങേലി-കുറ്റൂര്‍ റോഡില്‍ കരിങ്ങാട്ടില്‍ പടിയില്‍ വൈദ്യുതല ലൈനിലേക്ക് തേക്ക് കടപുഴകി. ഗതാഗതവും തടസ്സപ്പെട്ടു. കാരയ്ക്കല്‍ കോതേകാട്ട് അജയ് ഗോപിനാഥിന്റെ പുരയിടത്തിലെ ജാതി, വാഴ തുടങ്ങിയവ നിലംപതിച്ചു.
കോതേകാട്ട് കൃഷ്ണപ്രിയയില്‍ സുനില്‍ കുമാറിന്റെ വീടിന്റെ കാര്‍പോര്‍ച്ചിന് മുകളിലേക്ക് മരം കടപുഴകി. കുറ്റപ്പുഴ ബാലവിഹാര് റോഡിലേക്ക് സ്വകാര്യ പുരയിടങ്ങളില്‍ നിന്ന മഹാഗണി, തേക്ക് തുടങ്ങിയവ കടപുഴകി. വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. ഗതാഗതവും തടസ്സപ്പെട്ടു. നസ്രത്ത് ഭവനില്‍ ഷീല ജയിംസിന്റെ വീടിന് മുകളില്‍ മരംവീണു.
പെരിങ്ങര സതീഷ് ഭവനില്‍ പുരുഷോത്തമന് പിള്ളയുടെ വീട്ടുമുറ്റത്തേക്ക് സമീപ പുരയിടത്തില്‍ നിന്ന മരങ്ങള്‍ കടപുഴകി. കാരയ്ക്കല്‍ കാനേകാട്ടുപടി - പുതുക്കുളങ്ങര റോഡില്‍ സ്വകാര്യ പുരയിടത്തില്‍ നിന്ന മാവ് വൈദ്യുതി ലൈനുകള്‍ പൊട്ടിച്ച് റോഡിലേക്ക് വീണു.
ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റില്‍ തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ അമ്പിളി ജങ്ഷനില്‍ 11 കെ.വി ലൈനിന്റെ മുകളിലേക്ക് തേക്ക് കടപുഴകി. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് പല സ്ഥലങ്ങളിലും ഭാഗികമായി എങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
മരങ്ങൾ വീണ് റാന്നിയിൽ വ്യാപക നാശം
റാന്നി: ശക്തമായ മഴയോടൊപ്പം വീശി യടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെച്ചുച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വീശിയടിച്ച കാറ്റിൽ നാശനഷ്ടം ഉണ്ടായത്.
കൂത്താട്ടുകുളം, മണ്ണടിശാല വാക മുക്ക്, വർക്കല മുക്ക്, പ്ലാവേലിനിരവ്,കൊല്ലമുള്ള മേഖലകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. കൂത്താട്ടുകുളം പാലോലിൽ ബിന്ദു, പുത്തൻപുരക്കൽ രാജീവ് എന്നിവരുടെ വീടുകൾ മരം വീണ് പൂർണമായും തകർന്നു. വർക്കലമുക്ക് തച്ചനാലിൽ തങ്കച്ചൻ്റെ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട് .
വാകമുക്ക് പുലിയള്ളിൽ കൊച്ചുമോന്റെ വീടിനും നാശമുണ്ടായിട്ടുണ്ട്. ഇടമൺ വലിയ പതാലിൽ തേക്കുമരം കടപുഴകി വീണ് ഐപിസി ഹാളിന് കേടുപാട് സംഭവിച്ചു. പ്രമോദ് നാരായൺ എം.എൽ.എ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

