കലിതുള്ളി മഴ; കുത്തൊഴുക്കിൽ നാശം; പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ കരകവിഞ്ഞു
text_fieldsകുടശ്ശനാട് തോണ്ടക്കണ്ടം പാലത്തിന് സമീപം കാർ ഒഴുക്കിൽപെട്ടപ്പോൾ
പത്തനംതിട്ട: ജില്ലയിലെങ്ങും കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഉരുൾപൊട്ടി പലയിടത്തും നാശമുണ്ടായി. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ശനിയാഴ്ച രാവിലെ െറക്കോഡ് മഴയാണ് പെയ്തത്. മൂന്നുമണിക്കുറിനിടെ 70 മി.മീ. മഴ പെയ്തു.
കെ.എസ്.ഇ.ബി ലിമിറ്റഡിെൻറ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഡാമിലേക്ക്് നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഏതുനിമിഷവും ഡാം തുറന്നേക്കാം. മലയാലപ്പുഴയിൽ ഉരുൾപൊട്ടി ചില വീടുകൾക്ക് നാശമുണ്ടായിട്ടുണ്ട്. പന്തളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല. റാന്നി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിെനത്തുടർന്ന് രോഗികളെ മാറ്റി. വെച്ചൂച്ചിറ െകാല്ലമുളയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ശബരിമല പാതയിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അപ്പർകുട്ടനാട് മേഖലയിലും വെള്ളം കയറി. തുലാ മാസ പൂജക്ക് ശബരിമല നട ശനിയാഴ്ച വൈകീട്ട് തുറന്നതോടെ ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിലും വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.
കക്കി-ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്തും ശബരിമല തുലാമാസ പൂജദര്ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണിസരസ്സിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
കൊക്കാത്തോട്ടിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി
കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറയിൽ ചെറിയതോതിൽ ഒരേ സ്ഥലത്ത് രണ്ട് ഉരുൾപൊട്ടി. കൊക്കാത്തോട് കരിമ്പനയ്ക്കൽ സുനിലിെൻറ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. ഒരു ഉരുൾപൊട്ടിയത് 12 മണിക്കും മറ്റൊന്ന് വൈകീട്ട് നാലരയോടെയുമായിരുന്നു. ഉരുൾ പൊട്ടി അച്ഛൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു. കൂടാതെ അച്ഛൻകോവിലാറ്റിൽ ജല നിരപ്പ് ഉയർന്നതോടെ ആവണിപ്പാറ ആദിവാസി കോളനിയും ഒറ്റപ്പെട്ടു.
അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം
തിരുവല്ല: കനത്ത മഴയെത്തുടർന്ന് അപ്പർ കുട്ടനാടൻ മേഖല പ്രളയഭീതിയിൽ. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടലടക്കം ഉണ്ടായതോടെ പമ്പ, മണിമല നദികളിൽ വെള്ളം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് പ്രളയഭീഷണി ഉടലെടുത്തത്. കിഴക്കൻ പ്രദേശങ്ങളിൽനിന്ന് പമ്പ, മണിമല നദികളിലൂടെ ഒഴുകിവരുന്ന വെള്ളം തിരുവല്ല താലൂക്ക് ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയിലാണ് എത്തുന്നത്. മേഖലയിലെ റോഡുകളിലടക്കം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളും വെള്ളത്താൽ നിറഞ്ഞുകഴിഞ്ഞു. നിരണം, ചാത്തങ്കരി പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിത്തുടങ്ങി.
2018ലെ മഹാപ്രളയത്തിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശമാണ് അപ്പർ കുട്ടനാട്. 2018ലേതിന് സമാനമായ കനത്ത മഴ പെയ്യുന്നതാണ് അപ്പർ കുട്ടനാടൻ നിവാസികളുടെ ആശങ്കക്ക് അടിസ്ഥാനം. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കമുള്ള ഒരുക്കം താലൂക്കിൽ സജ്ജമാക്കിയതായി തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
കോന്നിയിൽ ജനം ഭീതിയിൽ
കോന്നി: ശനിയാഴ്ച പുലർച്ച ആരംഭിച്ച അതിശക്തമഴയേ തുടർന്ന് കോന്നിയിലെങ്ങും ജനങ്ങൾ ഭീതിയിലായി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുകയാണ്. ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ കോന്നിയിലാണ് പെയ്തത്. 97 മില്ലീമീറ്റർ മഴയാണ് കോന്നിയിൽ രേഖപ്പെടുത്തിയത്. കോന്നി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ പാതയിൽ വകയാർ അടക്കമുള്ള സ്ഥലങ്ങളിൽ റോഡിലേക്ക് വെള്ളം കയറി. വലിയ വാഹനങ്ങൾ പോലും കടന്ന് പോകാനായില്ല. കലഞ്ഞൂർ കുറ്റിമൺ പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീടുകളിലുള്ളവരെ മാറ്റി പാർപ്പിച്ചു. കോന്നി നെടുമൺകാവ് പാലം വെള്ളത്തിൽ മുങ്ങി. തണ്ണിത്തോട് മേടപ്പാറ തെക്കേവിളയിൽ റോസമ്മ മത്തായിയുടെ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അച്ചൻകോവിൽ തുറ ഭാഗത്ത് ജലനിരപ്പ് ഉയർന്നു.
15ഒാളം തോടുകളിലെ വെള്ളമാണ് അച്ഛൻകോവിലാറിലേക്ക് ഒഴുകി എത്തുന്നത്. മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയുണ്ട്. തണ്ണിത്തോട് തൂമ്പാക്കുളത്തും മണ്ണിടിച്ചിലുണ്ടായി. തണ്ണിത്തോട് കല്ലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇതെ തുടർന്ന് കുട്ടവഞ്ചി സവാരി താൽക്കാലികമായി നിർത്തി വെച്ചു. കുമ്പഴ, അട്ടച്ചാക്കൽ, വെട്ടൂർ, ചാങ്കൂർമുക്ക്, വകയാർ ഭാഗങ്ങളിലും റോഡിൽ വെള്ളം കയറി. ഏനാദിമംഗലം ഇളമണ്ണൂർ ഭാഗങ്ങളിലും വൻതോതിൽ ജലനിരപ്പ് ഉയർന്നു. ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലും ശക്തമായ മഴ ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ കൃഷി നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വിവിധ സ്ഥലങ്ങളിൽ റോഡിലേക്ക് മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞ് വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

