ശക്തമായ മഴയിൽ വീട്ടിലേക്ക് മണ്ണും പാറയും ഇടിഞ്ഞു
text_fieldsകുളനട ഉളനാട് കോണത്തുമൂലയിൽ ജയകുമാറിന്റെ വീടിന് സമീപത്തേക്ക് മണ്ണും ചെങ്കൽ പാറയും പതിച്ചപ്പോൾ
പന്തളം: കനത്ത മഴയിൽ വീട്ടിലേക്ക് മണ്ണ് ഇടിഞ്ഞു. കുളനട പഞ്ചായത്തിലെ ഉളനാട് കോണത്തുമൂലയിൽ ജയേഷ് ഭവനത്തിൽ ജയകുമാറിന്റെ വീടിന് സമീപത്തേക്കാണ് മണ്ണും പാറയും ഇടിഞ്ഞത്. പിൻഭാഗത്തെ 10 മീറ്റർ ഉയരമുള്ള ഭാഗമാണ് മണ്ണും വലിയ ചെങ്കൽ പാറയുമായി വീടിന് അരികിലായി പതിഞ്ഞത്.ശനിയാഴ്ച പുലർച്ച 2.45ന് വൻ ശബ്ദത്തോടെ മണ്ണും പാറയും ഇടിയുകയായിരുന്നു. മണ്ണ് ഇടിഞ്ഞതിന് സമീപമുള്ള മുറിയിൽ കിടന്നുറങ്ങിയ ജയകുമാറും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പാറയും മണ്ണും വീണു കിണർ പൂർണമായും ഉപയോഗ്യശൂന്യമായി. വലിയ കല്ലുകളാണ് ഇടിഞ്ഞത്. ഇടിഞ്ഞതിന്റെ ബാക്കിയായി അവശേഷിക്കുന്ന കുറെ ഭാഗം കൂടി അപകട ഭീഷണി ഉയർത്തുന്നുണ്ട്. പഞ്ചായത്ത് അംഗം മിനി സാം, സ്പെഷൽ വില്ലേജ് ഓഫിസർ ലെയ്സൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് അപകട തീവ്രത ഉന്നത അധികാരികളെ അറിയിച്ചു. കുടുംബത്തോട് തൽക്കാലത്തേക്ക് മാറി താമസിക്കാൻ നിർദേശം നൽകി.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
പത്തനംതിട്ട: മഴ വീണ്ടും ശക്തമാകുന്നതിനിടെ ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അേതാറിറ്റി മുന്നറിയിപ്പ് നൽകി.
അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം. നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽനിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

