ശക്തമായ മഴയിൽ കോന്നിയിൽ വ്യാപക നാശനഷ്ടം
text_fieldsകോന്നി: കനത്ത നാശംവിതച്ച് ബുധനാഴ്ച വൈകിട്ട് മുതൽ പെയ്ത അതിശക്തമായ മഴയിൽ ആരുവപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് പൂർണമായി ഒറ്റപ്പെട്ടു. കോന്നിയിൽനിന്ന് കൊക്കത്തോട്ടിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് തിരികെ വരുമ്പോൾ വനത്തിനുള്ളിൽ അകപ്പെട്ടു. നിർമാണം നടക്കുന്ന വയക്കര ചപ്പാത്ത് പൂർണമായി ഒലിച്ചുപോയതോടെയാണ് വനത്തിൽ അകപ്പെട്ടതും കൊക്കാത്തോട് ഒറ്റപ്പെട്ടതും. ശക്തമായ മഴവെള്ള പാച്ചിലിൽ കൊക്കാത്തോട്ടിൽ കനത്ത നാശം ഉണ്ടായി. നിരവധി വീടുകൾ തകരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഇതിനെല്ലാം പുറമെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈതതോട്ടത്തിൽ നിന്നും മഴവെള്ള പാച്ചിലിൽ മണ്ണിടിഞ്ഞ് റോഡിൽ വീണ് കല്ലേലി - കൊക്കാത്തോട് റോഡിൽ ഗതാഗതം സ്തംഭിച്ചു.
മഴക്ക് ശമനം വന്ന് വ്യാഴാഴ്ച നേരിയ വെളിച്ചം എത്തിയപ്പോൾ വയക്കര ചപ്പാത്ത് താൽക്കാലികമായി പുനർനിർമിച്ച് വനത്തിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് കോന്നി ഡിപ്പോയിലേക്ക് എത്തിക്കാൻ ശ്രമം ആരംഭിച്ചു. റോഡിലെ ചളി നീക്കംചെയ്യാനും ശ്രമം തുടങ്ങി. വയക്കര, കൊച്ചുവയക്കര മേഖലകളിൽ വൈദ്യുതി ബന്ധം പൂർണമായി തകരാറിലായതോടെ നെറ്റ് വർക്ക് കണക്ഷനും ഇല്ലാതായി.
ശക്തമായ മഴയിൽ കൊക്കാത്തോട് വയക്കര പുത്തൻവീട്ടിൽ എബ്രാഹീം റാവുത്തർ, മരുതൂർ വീട്ടിൽ എം.പി.വർഗീസ്, കല്ലേലി ബിസ്മി മൻസിൽ നസീമ, കല്ലേലി സുനിൽ ഭവൻ സുധാകരൻ, കല്ലേലി പ്രിയ ഭവനിൽ ബീന, താന്നിമൂട്ടിൽ ഫാത്തിമ നൂറുദീൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. മരുതൂർ വീട്ടിൽ എം.പി.മാത്യുവിന്റെ കൃഷിയിടവും നശിച്ചു. മംഗലത്ത് താഴെതിൽ ഷിബു, കൊല്ലവിള ഷിബു, കൊല്ലവിള രാജമ്മ, പുത്തൻ പറമ്പിൽ വത്സ സാം കുട്ടി, വയക്കര കോയിക്കൽ പുത്തൻ വീട്ടിൽ രാജൻ, ചെളിക്കുഴി പുതുപറമ്പിൽ ശ്രീലത, പുതുപറമ്പിൽ ലൈല എന്നിവരുടെ വീടുകളിൽ വെള്ളം കയറി. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ പാലമൂട്ടിൽ രഘു കുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കുളഞ്ഞിപടി റോഡിലേക്ക് കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.
കൂടൽ രാജഗിരി റോഡിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴ്ന്നു. വയക്കര തൊണ്ടൻവേലിൽ അനിൽകുമാറിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് സുധീഷ് ഭവനിൽ സുമേഷിന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ ജീപ്പ് തകർന്നു. പുത്തൻ വീട്ടിൽ ഹാജറ ബീവിയുടെ വീട് മണ്ണിടിഞ്ഞ് വീണ് ഭാഗികമായി തകർന്നു. മരോട്ടി വീട്ടിൽ സബീറ ബീവി, ഖദീജ ബീവി പുത്തൻ വീട്, ഉസ്മാൻ പുത്തൻ വീട്, സതീശൻ പാറശേരിൽ എന്നിവരുടെ വീടുകൾക്ക് മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു. അരുവാപ്പുലം കാരുമല മുരുപ്പേൽ സജീവന്റെ വീടിന്റെ സംരക്ഷണ ഭിത്തി വീടിന്റെ സിറ്റ് ഔട്ട്ലേക്ക് ഇടിഞ്ഞ് വീണു. ചിറ്റാർ വയ്യാറ്റുപുഴ ആനപ്പാറയിൽ ആശാരിയത്ത് അന്നമ്മ തോമസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

