ഹെൽത്ത് കാർഡ്; പന്തളത്ത് 40ശതമാനം പൂർത്തിയായി
text_fieldsപന്തളം: ഹോട്ടലുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ നൽകിയ സാവകാശം തീരാൻ ശേഷിക്കുന്നത് ഇനി ഒമ്പത് ദിവസം മാത്രം. എന്നാൽ, തൊഴിലാളികളും ഒരു പരിധിവരെ സ്ഥാപനങ്ങളും കാർഡ് എടുക്കുന്നതിൽ അലംഭാവം കാണിക്കുകയും മാറിനിൽക്കുകയും ചെയ്യുന്നത് വെല്ലുവിളിയാകുന്നു.
പന്തളത്ത് 40 ശതമാനത്തിലധികവും ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തുകഴിഞ്ഞു. ഇനിയും കാർഡ് എടുക്കാത്തവർ നിരവധിയാണ്. ജനുവരി മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഹോട്ടൽ ഉടമകളുടെ അഭ്യർഥനയെത്തുടർന്ന് സമയപരിധി നീട്ടിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് നൽകാൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെങ്കിലും ഇതുവരെയും നടപടികൾ ആരംഭിക്കാത്ത ഹോട്ടലുകളുമുണ്ട്. ഹെൽത്ത് കാർഡ് എടുക്കാൻ ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. സർക്കാർ ആശുപത്രികളിൽ ഈ വാക്സിൻ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിൽ 2000 രൂപയോളമാണ് നിരക്ക്.
ഹെൽത്ത് കാർഡ് എടുക്കേണ്ടതിനായി ടൈഫോയ്ഡ് വാക്സിന് ആവശ്യക്കാർ കൂടിയതോടെ വാക്സിൻ പൂഴ്ത്തിെവച്ചുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. വാക്സിൻ പുറത്തുനിന്ന് വാങ്ങേണ്ടി വന്നതോടെ ജീവനക്കാരന് ഹെൽത്ത് കാർഡ് എടുക്കാൻ 3000 രൂപയോളമാണ് മുടക്കേണ്ടത്. സമയപരിധി അവസാനിക്കുമ്പോഴും വാക്സിൻ ലഭ്യത ഉറപ്പാക്കും എന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. അതിനിടെ അവധിക്കാലം പ്രമാണിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ പലരും മടങ്ങിയതോടെ പുതുതായി ജോലിക്കെത്തുന്നവർക്ക് വീണ്ടും ഹെൽത്ത് കാർഡ് എടുക്കേണ്ട അവസ്ഥയിലാണ് ഉടമകൾ. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനൊപ്പം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടി എടുക്കണമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

