ഹരിവരാസനം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു
text_fieldsഹരിവരാസനം പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കൈമാറുന്നു
ശബരിമല: ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഗാനരചയിതാവും കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഹരിവരാസനം പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ എത്തുന്ന എല്ലാവരും സമന്മാരാണ്.
ആദിവാസി മേഖലയിൽനിന്ന് ഒരു വനിത ഇന്ത്യയുടെ പരമോന്നത പദവിയിലെത്തിയത് അഭിനന്ദനാർഹമാണ്. എന്നാൽ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ആന്റോ ആന്റണി, വി.കെ. ശ്രീകണ്ഠൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം അംഗം എസ്.എസ്. ജീവൻ, റാന്നി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, പി. വിഷ്ണുരാജ്, സ്പെഷൽ കമീഷണർ എം. മനോജ്, കെ. ബിജു, ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രി എന്നിവർ സംസാരിച്ചു.

