കർക്കടകവാവ് ബലിതർപ്പണം: ഹരിതചട്ടം പാലിക്കണം; സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം
text_fieldsപത്തനംതിട്ട: കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുരക്ഷ മുൻകരുതൽ സംബന്ധിച്ച് പൊതു നിർദേശവുമായി ജില്ല ഭരണകൂടം. കുത്തൊഴുക്കും അപകട സാധ്യതയുമുള്ള ആറ്റുതീരങ്ങളും കടവുകളും ഒഴിവാക്കി ആഴം കുറഞ്ഞതും ഒഴുക്ക് കുറഞ്ഞതും സുരക്ഷിതവുമായ കടവുകൾ മാത്രം ബലിതർപ്പണത്തിന് ഉപയോഗിക്കണം. അപകട സാധ്യതയുള്ള കടവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൂട്ടി പരിശോധിച്ച് അടയാളപ്പെടുത്തി നിരോധിക്കും.
വെള്ളത്തിലേക്ക് ഇറങ്ങാവുന്ന പരമാവധി ആഴം (മുട്ടിനു താഴെ) ബാരിക്കേഡ് / കയർ ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തും. ഇതിനപ്പുറത്തേക്ക് ആരെയും ഇറങ്ങാൻ അനുവദിക്കില്ല. ഓരോ പ്രധാന കടവിലും പരിശീലനം ലഭിച്ച നീന്തൽ വിദഗ്ധരെയും ലൈഫ് ഗാർഡുകളെയും ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, കയർ, രക്ഷാ ബോട്ട് എന്നിവയോടൊപ്പം വിന്യസിക്കും. ഒരേ സമയം കടവിൽ ഇറങ്ങുന്നവരുടെ എണ്ണം നിയന്ത്രിച്ച് ക്യൂ സംവിധാനം ഏർപ്പെടുത്തും. കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും സഹായവും നൽകും.
ചടങ്ങിന്റെ തലേന്നും അന്നും ഐ.എം.ഡി, ജില്ല എമർജൻസി ഓപറേഷൻസ് സെന്റർ എന്നിവയുടെ മുന്നറിയിപ്പ് പരിശോധിക്കണം. അപകട സൂചന ലഭിച്ചാൽ ചടങ്ങുകൾ ഉടൻ നിർത്തിവെക്കണം. ചടങ്ങ് നടത്തുന്ന കമ്മിറ്റികൾ പൊലീസ്, തഹസിൽദാർ, ഡി.ഇ.ഒ.സി എന്നിവയുമായി മുൻകൂട്ടി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങി ഏകോപനം ഉറപ്പാക്കണം. അടിയന്തര ഘട്ടങ്ങളിൽ ജില്ല കൺട്രോൾ റൂം (1077) ആയി ബന്ധപ്പെടാം. പ്രഥമശുശ്രൂഷ കിറ്റ്, ആംബുലൻസ്, മതിയായ വെളിച്ചം (പുലർച്ചയുള്ള ചടങ്ങുകൾക്ക്), വഴുക്കൽ ഒഴിവാക്കാൻ കടവുകളിൽ സുരക്ഷിത നടപ്പാത എന്നിവ ഒരുക്കണം.
കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പൂർണമായി പാലിച്ച് നടത്തണമെന്നും സംഘാടകർ കർശനമായ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷൻ. ബലിതർപ്പണ ചടങ്ങുകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. തർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്.
ചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കണം. ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യം വേർതിരിച്ചു ശേഖരിക്കുന്നതിന് പ്രത്യേക ബിന്നുകൾ സ്ഥാപിക്കണം. ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് തദ്ദേശീയമായ ക്രമീകരണങ്ങളും ഒരുക്കണമെന്നും ജില്ല ശുചിത്വ മിഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

