സർക്കാറിന്റെ നാലാം വാർഷികാഘോഷം; കൺനിറയെ കാഴ്ചകളുമായി ‘എന്റെ കേരളം’
text_fieldsഎന്റെ കേരളം പ്രദർശന വിപണന കലാമേള മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കാഴ്ചകളുടെ ലോകമൊരുക്കി എന്റെ കേരളം പ്രദർശന വിപണന കലാമേളയിലേക്ക് ജനം ഒഴുകി തുടങ്ങി. സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് മേള നടക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളും സർക്കാറിതര കൂട്ടായ്മകളും സ്റ്റാറ്റുകൾ ഒരുക്കിയിട്ടുണ്ട്. മേയ് 22 വരെ മേള നീളും. സമസ്ത മേഖലയിലും സ്വപ്നതുല്യമായ വികസനമാണെന്ന് മേള ഉദ്ഘാടനം ചെയ്ത് മന്ത്രി വീണ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിൽ ബിരുദാന്തരബിരുദ കോഴ്സുകൾ ആരംഭിക്കും, ജില്ലയിൽ ഐ.ടി പാർക്ക് ആരംഭിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഒമ്പത് വർഷമാണ് കഴിഞ്ഞുപോയതെന്ന് അധ്യക്ഷനായ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രമോദ് നാരായൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എ.ഡി.എം ബി. ജ്യോതി, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.ടി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
കാണാം, പ്രയോജനപ്പെടുത്താം
ജീവിതശൈലീരോഗ നിർണയ ക്യാമ്പിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ രക്തസമ്മർദ പരിശോധന നടത്തുന്നുണ്ട്. ഇവിടെ 16 അക്ക യു.എച്ച്.ഐ.ഡി കാർഡ് തൽസമയം ലഭിക്കും. ഇതുമായി സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിലും ഡോക്ടറെ കാണാം. ഓൺലൈൻ ബുക്കിങ് ആയതിനാൽ വരിനിൽക്കേണ്ട ആവശ്യമില്ല. രോഗിയുടെ മുഴുവൻ ആരോഗ്യവിവരവും സംസ്ഥാനത്ത് എവിടെയുള്ള ഡോക്ടർമാർക്ക് കാർഡ് നമ്പറിലൂടെ മനസ്സിലാകും. സ്റ്റാൾ സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതാകുമാരിക്ക് യു.എച്ച്.ഐ.ഡി കാർഡ് നൽകി.
എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് സ്റ്റാളിൽ ലഹരിക്കെതിരെ ബാസ്കറ്റ്ബാൾ ക്രമീകരിച്ചിട്ടുണ്ട്. പരാതി സ്വീകരിക്കുന്നതിന് സീക്രട്ട് ബോക്സും ക്രമീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണം, വ്യവസായ വാണിജ്യം, കായിക വകുപ്പുകളുടെ സ്റ്റാളുകളും വ്യത്യസ്തകൾ നിറഞ്ഞതാണ്.
എ.ഐ റോബോട്ടിക് ടീച്ചറായ ഐറിസിന് കൈകൊടുക്കുന്ന വിദ്യാര്‍ഥി 2. മേളയിലെ കൃഷി വകുപ്പ് സ്റ്റാള്‍
സാങ്കേതികവിദ്യ പകര്‍ന്ന് സ്റ്റാര്‍ട്ടപ് മിഷന്
നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന് ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകളെ കേരള സ്റ്റാര്‍ട്ടപ് മിഷന് സ്റ്റാളിൽ പരിചയപ്പെടാം. ‘ഓള് ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയമാണ് പവിലിയന്റേത്. ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, 3ഡി പ്രിന്റിങ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐ.ഒ.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമാണ്. ശബ്ദത്തിലൂടെ വിഡിയോ നിര്‍മാണം, പുതുതലമുറ വാക്കുകളുടെ വിശകലനം, ഗെയിമുകള്‍, ബെന്‍ എന്ന റോബോട്ടിക് നായ്, രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എ.ഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനിബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐ.ഒ.ടി സംവിധാനം, എ.ഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയവ പരിചയപ്പെടാം.
ഡിജിറ്റലായി കൃഷിയിടം; പുത്തന്താരമായി ഡ്രോണ്‍
ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍താരമായ ഡ്രോണുകളുടെ സാധ്യത പരിചയപ്പെടുത്തും കൃഷി വകുപ്പ്. ചെലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റല്‍ കൃഷിരീതിയാണ് പ്രദര്‍ശിപ്പിക്കുന്നത്. നെല്ചെടികൊണ്ട് സുന്ദരമായ പാടം അതിനു നടുവില്‍ ഡ്രോണും. നിമിഷനേരംകൊണ്ട് ഒരേക്കര്‍ പാടത്ത് വളപ്രയോഗം നടത്താന്‍ ഡ്രോണിനാകും. സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടറുടെ സേവനവുമാണ് മറ്റൊരാകര്‍ഷണം. കേരള ഗ്രോ, മില്ലറ്റ് ഉല്പന്നങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സേവനം ഒരു കുടക്കീഴില് ലഭിക്കുന്ന കതിര് ആപ്പ് രജിസ്ട്രേഷന്റെ ഹെല്പ് ഡെസ്ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ ആഗോള സംവിധാനത്തില്‍ കാര്‍ഷിക വിപ്ലവമാകാന്‍ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡല്‍ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.
സൗജന്യ സേവനം ഒരുക്കി അക്ഷയ
അക്ഷയ സ്റ്റാളിലൂടെ നിരവധി ഓണ്‍ലൈന്‍ സേവനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നു. ആധാര്‍ എൻറോളിങ്, കാര്‍ഡിലെ തെറ്റുതിരുത്തല്‍, പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, ഇ-ഡിസ്ട്രിക്ട് സംബന്ധിച്ച സൗജന്യ സേവനം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളാണ് അക്ഷയ ഹെല്പ് ഡെസ്ക് മുഖേന നല്‍കുന്നത്. സര്‍ക്കാറിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പരിചയപ്പെടുത്താൻ ഐ.ടി സ്റ്റാള്‍ പവിലിയന് പരിസരത്തു വൈഫൈ സൗകര്യവുമുണ്ട്.
പ്രവാസികൾക്ക് സഹായം
നോര്‍ക്കവകുപ്പിന് കീഴിലെ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകൾ പ്രവാസികൾക്ക് പ്രയോജനപ്പെടും. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശ്ശിക നിവാരണത്തിനുള്ള സൗകര്യമുണ്ട്. അംശാദായം അടക്കേണ്ടവര്‍ക്ക് അതിനുള്ള അവസരവും മുടങ്ങിയവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പുനഃസ്ഥാപിക്കാനും കഴിയും. പ്രവാസി ക്ഷേമനിധി പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് സ്റ്റാളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ട് നല്‍കാം. പ്രവാസി കുടുംബാംഗങ്ങള്‍ക്കും അവസരം പ്രയോജനപ്പെടുത്താം.
സുരക്ഷാ മുൻകരുതലുമായി അഗ്നിരക്ഷാ സേന
അഗ്നിബാധ, പ്രകൃതിദുരന്തം, വാഹനാപകടം തുടങ്ങിയവ നേരിടാനും സുരക്ഷാ മുന്‍കരുതലും പ്രഥമ ശുശ്രൂഷയും അറിയാൻ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റാളില്‍ അവസരമുണ്ട്. സ്റ്റാളിലെ മറ്റൊരാകര്‍ഷണമാണ് ബര്‍മ പാലം. പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ താല്‍ക്കാലികമായി നിര്‍മിക്കുന്നതാണു ബര്‍മ പാലം. അപകടത്തില്‍ അകപ്പെടുന്ന വാഹനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂമാറ്റിക് എയര്‍ബാഗ്, വാഹനം പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാന്‍ വിവിധതരം കട്ടറുകള്‍, സ്കൂബ ഡൈവിങ് സ്യൂട്ടും സിലിന്‍ഡറും, വിവിധതരം അഗ്നിശമന യന്ത്രം, ഫയര്‍ ബോള്‍, ഹീറ്റ് സ്മോക്ക് ഡിക്ടേറ്ററുകള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. വിവിധ ഘട്ടത്തില്‍ സേന ഉപയോഗിക്കുന്ന യൂണിഫോം അണിഞ്ഞ രൂപങ്ങളും കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിക്കുന്നത്.
നവോത്ഥാനം നവകേരളം ദൃശ്യവിരുന്ന്
മേളയുടെ ഭാഗമായി കേരളത്തിന്റെ നവോത്ഥാന പൈതൃകം മുതല്‍ നവകേരള നിര്‍മിതിവരെ ഒരു കുടക്കീഴിലൊരുക്കി ഭാരത് ഭവന്റെ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ ഷോ നവോത്ഥാനം നവകേരളം.മേളയിലെ കലസന്ധ്യയിൽ ഒരുക്കിയ ദൃശ്യ വിരുന്നിന് പുറകിൽ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന് മെംബർ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരാണ്. നവോത്ഥാന വഴികളും സംസ്ഥാനം അതിജീവിച്ച പ്രളയവും കോവിഡ് മഹാമാരിയും സാമൂഹിക നീതിയുടെയും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ വിജയകഥകളും ഷോയിലൂടെ ദൃശ്യവത്കരിച്ചു. എഴുപതിലധികം കലാകാരന്മാരും ടെക്നീഷ്യന്മാരും അടങ്ങുന്ന സംഘമാണ് ആശയം അരങ്ങിലെത്തിച്ചത്.
മേളയുടെ ഭാഗമായി നടന്ന ദൃശ്യാവിഷ്കാരത്തിൽനിന്ന് 3. പ്രദര്‍ശന മേളയിലെ ഫയര്‍ ആന്‍ഡ് െറസ്ക്യൂ സ്റ്റാള്‍
മാഗസിൻ മുഖച്ചിത്രവും 360 ഡിഗ്രി വിഡിയോയും
നിങ്ങളുടെ മുഖവും മാഗസിൻ ചിത്രമാക്കിയാലോ? ഇഷ്ടപോസില്നിന്ന് പടമെടുത്ത് ‘എന്റെ കേരളം’ കവര്‍ ചിത്രമാക്കാൻ പൊന്നോളൂ എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലേക്ക്...
വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയ പവിലിയനിലാണ് സെല്‍ഫിക്കാലത്തെ പുതുരസങ്ങളായ മാഗസിന് മുഖച്ചിത്ര ഫ്രെയിമും 360 ഡിഗ്രി സെൽഫി വിഡിയോ സംവിധാനവുമുളളത്. പി.ആര്.ഡിയുടെ പവലിയനിലെ ഫോട്ടോ പോയന്റിൽ മാഗസിൻ മുഖച്ചിത്രമാകാൻ അവസരമൊരുക്കുന്ന ഫ്രെയിം കാണാം. പടമെടുത്ത് എന്റെ കേരളം എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ ചിത്രം അപ് ലോഡ് ചെയ്യാം. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും (റൊട്ടേറ്റ് ദ് ക്യൂബ്) ഇവിടെയുണ്ട്. ഇവയിൽ ഏതിനേക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം സ്ക്രീനിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വെച്ചാൽ അതേക്കുറിച്ചുള്ള ഹ്രസ്വ വിഡിയോ സ്ക്രീനിൽ തെളിയും.
പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി പഠിക്കാം
മേളയിൽ പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി മാതൃകകള്‍ വിഷയത്തില്‍ ഫിഷറീസ് വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല ഫിഷറീസ് ഓഫിസര്‍ ഡോ. പി.എസ്. അനിത വിഷയം അവതരിപ്പിച്ചു.
ജില്ലയില്‍ മത്സ്യകൃഷി ഉൽപാദന വ്യവസായത്തില്‍ പുളിക്കീഴാണ് ഒന്നാമത്. പരമ്പരാഗത, ഊര്‍ജിത-അര്‍ധ ഊര്‍ജിത, സംയോജിത, ഏക-ബഹു വര്‍ഗ, സമ്മിശ്ര മത്സ്യകൃഷികളെ സെമിനാറില്‍ പരിചയപ്പെടുത്തി. മത്സ്യത്തിന്റെ ആഹാരം, വളര്‍ത്തേണ്ട രീതി, ഗുണം, വളര്‍ച്ചയുടെ ഘട്ടം എന്നിവ വിശദീകരിച്ചു. മാനുഷിക ഇടപെടല്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലം മത്സ്യഅളവ് കുറയുന്നു. കൃഷി പ്രോത്സാഹനത്തിലൂടെ പോഷകസുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് ഓഫിസര്‍ പറഞ്ഞു. സെമിനാറില്‍ പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു.
മേളയില്‍ ഇന്ന്
രാവിലെ 10.00 മുതല്‍ ഉച്ചക്ക് ഒന്നുവരെ: സാമൂഹിക നീതി വകുപ്പ് - ഭിന്നശേഷി കുട്ടികളുടെ ‘റിഥം’ പ്രതിഭ സംഗമം.
വൈകീട്ട് 06.30: മജീഷ്യന്‍ സമ്രാജിന്റെ സൈക്കോ മിറാക്കുള മാജിക് ഷോ
സിനിമ (മേയ് 18 ഞായര്‍)
രാവിലെ 10.00: നിര്‍മാല്യം
ഉച്ചക്ക് 01.00: വൈശാലി
വൈകീട്ട് 4.00: പെരുന്തച്ചന്
രാത്രി 7.00: രുഗ്മിണി
മേളയില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്യുന്നു
പ്രസവം ആശുപത്രിയില്‍ ആകട്ടെ
പത്തനംതിട്ട: ഗര്‍ഭകാലത്തെ പരിരക്ഷയും കരുതലും ചര്‍ച്ച ചെയ്ത് ആരോഗ്യവകുപ്പിന്റെ സെമിനാറിൽ അറിവുകളുടെ പ്രവാഹം. മേളയില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘മാതൃ -ശിശു സംരക്ഷണം നൂതന പ്രവണതകള്‍’ സെമിനാര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃശിശു മരണ നിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കണം.
ഗര്‍ഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ഡോ. എസ്. ചിന്ത, കോഴഞ്ചേരി ജില്ല ആശുപത്രി ജൂനിയര്‍ കണ്‍സൾട്ടന്റ് എസ്. ഡോ. അശ്വതി പ്രസാദ്, തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സൾട്ടന്റ് ഡോ. അഞ്ജു ആന്‍ ജോര്‍ജ് എന്നിവർ ക്ലാസ് നയിച്ചു. ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍ മോഡറേറ്ററായി. എം.സി. എച്ച് ഓഫിസര്‍ ഷീജത്ത് ബീവി, ജില്ല വിദ്യാഭ്യാസ മീഡിയ ഓഫിസര്‍ എസ്. ശ്രീകുമാര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.