സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച; ഇഴഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsപത്തനംതിട്ട: സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കേ, തയാറെടുപ്പുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അമാന്തം. യൂനിഫോം വിതരണോദ്ഘാടനം നേരത്തേ നിര്‍വഹിച്ചെങ്കിലും സ്കൂളുകളില്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ ഭാഗികമായേ എത്തിയിട്ടുള്ളൂ. ഇവ രണ്ടും മാസങ്ങള്‍ക്ക് മുമ്പേ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കിയതാണ്.
മാറ്റമില്ലാത്ത പുസ്തകങ്ങള്‍ മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടക്കുന്നതിനുമുമ്പ് എത്തിച്ചിരുന്നു. എന്നാല്‍, രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ മാറുകയാണ്. ഇവയാണ് ഇനി എത്താനുള്ളത്. ഇവയില്‍ അച്ചടി പൂര്‍ത്തിയാക്കിയവ വിതരണം ചെയ്തുതുടങ്ങി. മറ്റു പുസ്തകങ്ങളുടെ പി.ഡി.എഫ് ഉപയോഗിച്ചാണ് പലയിടത്തും അധ്യാപക പരിശീലനം നടത്തിയത്.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായാണ് യൂനിഫോം നല്‍കേണ്ടത്. കഴിഞ്ഞവര്‍ഷത്തെ ഓര്‍ഡര്‍ പ്രകാരമുള്ള തുണിയാണ് ഇനി ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തണമെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഉത്തരവ് ഇറങ്ങിയതിനുശേഷം മുന്‍കൂട്ടി അറിയിപ്പ് നല്കി ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമനം നടത്തേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്തുവേണം കൂടിക്കാഴ്ചയുടെ സമയവും തീയതിയും നിശ്ചയിക്കാന്‍. ഉത്തരവ് ഇറങ്ങാന്‍ ഇനിയും വൈകിയാല്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപക നിയമനം നടത്താന്‍ സാധിക്കില്ല.
എല്‍.പി.എസ്.ടി, യു.പി.എസ്.ടി, പി.എസ്.സി പട്ടികയുടെ കാലാവധി മേയ് 31ന് അവസാനിക്കുകയാണ്. പട്ടികയിൽ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിക്കാതെ പുറത്തുപോകേണ്ടി വരുന്നത്.
കഴിഞ്ഞവര്‍ഷം ഏറെ മുറവിളികള്‍ക്കൊടുവില്‍ മേയ് 30നാണ് താൽക്കാലിക അധ്യാപക നിയമനം നടത്താനുള്ള ഉത്തരവ് ഇറങ്ങിയത്. സ്കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തീരുമാനങ്ങളായിട്ടില്ല. നിലവില്‍ രണ്ടുമാസത്തെ തുക കുടിശ്ശികയാണ്.
മുന്‍കൂറായി പണം നല്‍കണമെന്ന ആവശ്യവുമായി പ്രഥമാധ്യാപക സംഘടനകള്‍ രംഗത്തുണ്ട്. പാചകത്തൊഴിലാളികളുടെ കുടിശ്ശികയും തീര്‍ത്തിട്ടില്ല. അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അധ്യാപക-പ്രഥമാധ്യാപക സംഘടകൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

