പെരുന്തേനരുവിയിൽ ഗ്ലാസ് നടപ്പാലം വരുന്നു; ഏഴ് കോടി അനുവദിച്ചു
text_fieldsറാന്നി: പെരുന്തേനരുവിയിൽ ഗ്ലാസ് നടപ്പാലം അടക്കമുള്ള പദ്ധതികൾക്കായി സർക്കാർ ഏഴ് കോടി അനുവദിച്ചു. വെള്ളച്ചാട്ടം തൊട്ടുമുകളിൽനിന്ന് കാണത്തക്ക വിധമുള്ള കണ്ണാടി നടപ്പാലം, സുരക്ഷാ സംവിധാനങ്ങൾ, പൂന്തോട്ടം, നദീതീരത്തുകൂടിയുള്ള നടപ്പാത എന്നിവക്കാണ് തുക. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനം അടക്കമുള്ളവക്കായി തുക ആവശ്യപ്പെട്ട് നവകേരള സദസ്സിനിടെ പ്രമോദ് നാരായൺ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പിലാണ് നിർമാണ ചുമതല. പഞ്ചായത്തും ഇറിഗേഷൻ വകുപ്പും സ്ഥലം ലഭ്യമാക്കുന്നതോടെ നിർമാണം ആരംഭിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനം ഇരുപഞ്ചായത്തുകളുടെയും വികസനത്തിന് വഴി തെളിക്കും.
ഇപ്പോൾ തന്നെ ദിവസേന 100 കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. നേരത്തെ, ഇവിടെ വാഹനങ്ങൾക്കുള്ള പാർക്കിങ് ഗ്രൗണ്ട്, കുട്ടികളുടെ കളി സ്ഥലം, അരുവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾ, കൈവരികൾ, രണ്ട് കെട്ടിടങ്ങൾ, വെള്ളച്ചാട്ടം ദൂരെ നിന്ന് വീക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അരുവിയിലേക്ക് വളഞ്ഞ് വാഹനം ഇറങ്ങുന്ന റോഡിലെ കൊടും വളവും കുത്തിറക്കവും വീതി കൂട്ടി സൗകര്യപ്രദമാക്കിയിട്ടുണ്ട്. അമിനിറ്റി സെൻററും ഭക്ഷണശാലയും താമസിക്കാനുള്ള മുറികളും ഇപ്പോൾ ഇവിടെ നിലവിലുണ്ട്. ഇതിനൊപ്പമാണ് പുതിയ സൗകര്യങ്ങളും ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

