ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ് കേസ്: മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsസിന്ധു വി. നായർ
പത്തനംതിട്ട: റിസർവ് ബാങ്കിന്റെ നിയമത്തിന് വിപരീതമായി പ്രവർത്തിച്ചുവന്ന ജി ആൻഡ് ജി ഫിനാൻസ് സ്ഥാപനത്തിന്റെ എം.ഡിമാരിലൊരാളെ കോയിപ്രം പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്തു. തെള്ളിയൂർ ശ്രീരാമസദനം വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി. നായരെയാണ് (58) അട്ടക്കുളങ്ങര വനിത സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരവെ അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവർ ഉൾപ്പെടെ നാല് മാനേജിങ് ഡയറക്ടർമാർ പ്രതികളായ നിരവധി കേസുകളിലൊന്നായ, തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മുരുപ്പേൽ വീട്ടിൽ ശ്രീജ വാദിയായ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജയിൽനിന്ന് 23,25,000 രൂപ നിക്ഷേപമായി കബളിപ്പിച്ചെടുക്കുകയായിരുന്നു. നേരത്തേ പി.ആർ.ഡി ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് ജി ആൻഡ് ജി ഫിനാൻസ് എന്ന് പേര് മാറ്റി തെള്ളിയൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്നു.
കുറിയന്നൂർ, തോണിപ്പുഴ എന്നിവിടങ്ങളിൽ ശാഖകളുമുണ്ടായിരുന്നു.ആഗസ്റ്റ് 19ന് ലഭിച്ച പരാതി പ്രകാരമെടുത്ത കേസാണിത്. എസ്.ഐ സുധീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ഥാപനത്തിനെതിരായ നിരവധി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നും രണ്ടും പ്രതികൾ റിമാൻഡ് ആയി മാവേലിക്കര സ്പെഷൽ ജയിലിൽ കഴിഞ്ഞു വരികയാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ജി ആൻഡ് ജി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 500 ലധികം കേസുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മൂന്നാം പ്രതിയായ സിന്ധുവിനെ ഈ വർഷം ഫെബ്രുവരി ആറിന് കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിൽ പാർപ്പിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

