ജനറല്‍ ആശുപത്രി; ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിന് ടെൻഡറായി
text_fieldsപത്തനംതിട്ട ജനറല്‍ ആശുപത്രി
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണ നടപടികൾക്ക് തുടക്കമായി. ഇതിനു ടെൻഡർ വിളിച്ചു. 17 വര്‍ഷം മുമ്പ് നിര്‍മിച്ച ബി ആന്‍ഡ് സി ബ്ലോക്ക് തകർച്ചയിലായതോടെയാണ് നവീകരണം. ഒരോ നിലയായി നവീകരിക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്.
ബി ആന്‍ഡ് സി ബ്ലോക്കിലെ വിവിധ ചികിത്സാവിഭാഗങ്ങൾ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന നടപടികൾക്കും തുടക്കമായി. ബ്ലോക്കിന്റെ മുകൾനിലയിലുള്ള ആശുപത്രി ഉപകരണങ്ങള്‍ താഴേക്ക് മാറ്റാനും കരാറായി. 30 ലക്ഷം രൂപ ഇതിന് എൻ.എച്ച്.എം ഫണ്ടിൽ നിന്ന് അനുവദിച്ചു.
മുഴുവൻ ഉപകരണങ്ങളും താഴെയിറക്കിയശേഷം ഇവ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റും. നേരത്തെ, ചികിത്സാവിഭാഗങ്ങൾ മാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. യാത്രാപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. ഡോക്ടര്‍മാരും ആരോഗ്യമന്ത്രിയെ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതോടെ ഏതിർപ്പുകൾ കെട്ടടങ്ങുകയായിരുന്നു. 17 വര്‍ഷം മുമ്പ് നിര്‍മിച്ച ബി ആന്‍ഡ് സി ബ്ലോക്ക് കടുത്ത അപകടഭീഷണിയാണ് ഉയർത്തുന്നത്.
നിര്‍മാണം പൂര്‍ത്തിയായി അധികം കഴിയുംമുമ്പ് കെട്ടിടത്തിൽ ചോര്‍ച്ചയുണ്ടായി. ഏറ്റവുമൊടുവില്‍ ചോര്‍ച്ച അസഹ്യമാകുകയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നവീകരിക്കാൻ തീരുമാനിച്ചത്.
ലിഫ്റ്റ് പ്രവര്‍ത്തിക്കുമ്പോള്‍ കെട്ടിടം കുലുങ്ങുന്നതായും കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നതായും പരാതിയുണ്ടായിരുന്നു. പുതിയ ഒ.പി ബ്ലോക്കിനായി ആശുപത്രി അങ്കണത്തിൽ പൈലിങ് ജോലികള്‍ ആരംഭിച്ചതോടെ ബ്ലോക്കിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമായി. നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ പ്രധാനമായും ഈ കെട്ടിടത്തിലാണ്. ഇവയെല്ലാം കോന്നിയിലേക്ക് മാറ്റുന്നതോടെ ജനറൽ ആശുപത്രിയിൽ ഒ.പി മാത്രമാകും പ്രവർത്തിക്കുക.
ഒടുവിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ മാറ്റാൻ ഉത്തരവ്
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിന്റെ ഭാഗമായി ചികിത്സാവിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. നവീകരണത്തിനു ടെൻഡർ ക്ഷണിച്ചതിനു പിന്നാലെയാണ് ചികിത്സാവിഭാഗങ്ങൾ മാറ്റാനുള്ള ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് ലഭിക്കാത്തതിനാൽ ചികിത്സാവിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് വൈകുകയായിരുന്നു. നടപടി ആരംഭിച്ചെങ്കിലും ഉത്തരവില്ലാത്തതിനാൽ വേഗത്തിലായിരുന്നില്ല.
ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും കോന്നി മെഡിക്കല്‍ കോളജ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുമായതിനാൽ ഉത്തരവിറക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ഇവ പരിഹരിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത്.
അനുമതി ലഭിച്ചതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അടക്കം മാറ്റുന്ന ജോലി വേഗത്തിലാക്കാണ് തീരുമാനം. കോട്ടയം അപകടത്തിന് പിന്നാലെ അപകടഭീഷണിയുള്ള കെട്ടിടം ഒഴിപ്പിക്കാൻ വൈകുന്നതിൽ വിമർശനവും ഉയർന്നിരുന്നു. ആറു മാസത്തിനുള്ളിൽ കെട്ടിട നവീകരണം പൂർത്തിയാക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

