ഗവി റൂട്ടിൽ വിനോദസഞ്ചാരികൾക്ക് ദുരിതയാത്ര
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവി, കുമളിയിലേക്ക് പോയ രണ്ട് ബസ് കാടിനുള്ളിൽ കുടുങ്ങി. അവധി ദിനത്തിൽ ഗവി സന്ദർശിക്കാനെത്തിയ യാത്രക്കാർക്ക് ദുഃഖവെള്ളി ദിനത്തിൽ ഇത് ദുരിതയാത്രയായി.
പുലർച്ച 5.50ന് പത്തനംതിട്ട ഡിപ്പോയിൽനിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് കുമളിയിൽ എത്തി മടങ്ങി വരുന്ന വഴിയിൽ ഗവിയിൽ ഗിയർ ബോക്സ് തകരാർമൂലം വനത്തിനുള്ളിൽ കുടങ്ങിയപ്പോൾ 6.30ന് പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കക്കിഡാമിന് സമീപത്ത് ജോയന്റ് ഓടിഞ്ഞ് കാട്ടിൽ പണിമുടക്കി. ഈ പ്രദേശത്ത് മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ ബസുകൾ കാടിനുള്ളിൽ തകരാറിലായ വിവരം പത്തനംതിട്ട ഡിപ്പോയിൽ മണിക്കൂറുകൾക്കു ശേഷമാണ് അറിഞ്ഞത്.
വൈകീട്ടോടെ മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ രാത്രി പത്തോടെ പത്തനംതിട്ടയിൽ എത്തിച്ചത്. അവധി ദിനമായതിനാൽ കക്കി ഗവി കാണാൻ നിരവധി സഞ്ചാരികളാണ് ദിവസങ്ങളോളം പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്ത് യാത്ര പോയത്. ബസ് പണിമുടക്കിയതോടെ വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മലപ്പുറത്തുനിന്ന് എത്തിയ യാത്രികർ പറഞ്ഞു.
കാട്ടിലൂടെയുള്ള ദീർഘയാത്രക്കായി പഴഞ്ചൻ ബസുകളാണ് സർവിസ് നടത്തുന്നതെന്ന് പൊതുവെ ആക്ഷേപം ഉയരുമ്പോഴാണ് ഒരു ദിവസംതന്നെ രണ്ടുബസ് യാത്രക്കാരുമായി വനത്തിനുള്ളിൽ കുടുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

