പന്തളത്തുനിന്ന് മാലിന്യം മാറ്റിത്തുടങ്ങി
text_fieldsഹരിതകർമസേന അംഗങ്ങൾ പന്തളത്ത് മാലിന്യങ്ങൾ തരംതിരിക്കുന്നു
പന്തളം: നഗരസഭയിൽ മാലിന്യനിർമാർജനത്തിന് ചൊവ്വാഴ്ച തുടക്കമായതായി നഗരസഭ അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ ഇത്രയുംനാൾ പന്തളം പൊതുചന്തയുടെ സമീപത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവ തരംതിരിച്ച് കരാർ കമ്പനി മുഖേന മാറ്റുന്നതിന് നടപടി തുടങ്ങി. നഗരസഭയുടെ ഹൃദയഭാഗമായ പന്തളം മാർക്കറ്റിന്റെ ഭാഗത്തും മുട്ടാർ നീർചാലിലുമായി തങ്ങിയ മാലിന്യങ്ങൾ ഹരിത കർമസേന അംഗങ്ങൾ, കണ്ടിൻജന്റ് വർക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ സഹായത്തോടെ തരംതിരിക്കുകയാണ്.
ലോകബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നാലുമാസത്തെ താമസം നേരിടുന്നതിനാലാണ് മഴ തുടങ്ങുന്നതിനുമുമ്പ് നഗരസഭ മാലിന്യനിർമാർജനത്തിന് തുടക്കമിട്ടത്. തരം തിരിക്കുന്ന മാലിന്യം എത്രയും വേഗം മാറ്റാനും നടപടി തുടങ്ങി. മുട്ടാർ നീർച്ചാലിന്റെ തുടക്കം മുതൽ അവസാനം വരെ ഭാഗത്തെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നഗരസഭ നടപടി. ഇതോടൊപ്പം ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് തുമ്പൂർമൂഴി പദ്ധതി പ്ലാന്റിന് സമീപം നിർമാണം പൂർത്തിയാക്കി. ഇവിടെ സംസ്കരിക്കുന്നവ കർഷകർക്ക് വളമായി നൽകും.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബെന്നി മാത്യു, കെ. സീന, രാധാ വിജയകുമാർ, മുനിസിപ്പൽ സെക്രട്ടറി ഇ.ബി. അനിത, ഹെൽത്ത് ഇൻസ്പെക്ടർമാരായ എച്ച്.എസ്. സലിം, പുഷ്പകുമാർ, ജെ.എച്ച്.ഐമാരായ ധന്യാ മോഹൻ, എ. മെഹന എന്നിവരുടെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.