പന്തളത്ത് തട്ടുകടയിൽ ഗുണ്ടാ ആക്രമണം; ഉടമക്ക് ഗുരുതര പരിക്ക്
text_fields
പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് പരിക്ക്. എം.സി റോഡിലെ പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപമുള്ള തൃപ്തി ഹോട്ടലിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാന്തിന്റെ തലക്കാണ് പരിക്കേറ്റത്. അക്രമി സംഘം തട്ടുകട പൂർണമായും തകർത്തു.
അക്രമത്തിന്റെ പിന്നിൽ പത്തംഗമാണെന്ന് പോലീസ് പറഞ്ഞു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിൽ എന്ന് സംശയമുണ്ടെന്ന് പന്തളം പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10 ന് എത്തിയ സംഘം ശ്രീകാന്തിന്റെ സഹോദരൻ ശ്രീനാഥിന്റെ ഉടമസ്ഥരിലുള്ള കടയിലെത്തി മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ട് ചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും എടുത്ത ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോവാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും എടുത്ത ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശ്രീനാഥിനെയും കടയിലെ ജീവനക്കാരനെയും സംഘം പിടിച്ചു തള്ളി.
അക്രമം ഉണ്ടായപ്പോൾ കടയിലെ ജീവനക്കാർ പന്തളം, പറന്തൽ മറ്റൊരു തട്ടുകട നടത്തുന്ന സഹോദരൻ ശ്രീകാന്തിനെും പൊലീസിനെയും വിവരമറിയിച്ചു. ഈ സമയം അക്രമി സംഘം അവരുടെ ഒപ്പം ഉള്ള കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി. പറന്തലിൽ നിന്ന് പന്തളത്തെ തട്ടുകടയിൽ എത്തിയ ശ്രീകാന്തിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു.
നാരങ്ങ ഗ്ലാസ് കൊണ്ടും പൂച്ചട്ടി കൊണ്ടും സ്റ്റീൽ മഗ് കൊണ്ടും തലക്ക് ആക്രമിക്കുകയായിരുന്നു. കുഴഞ്ഞു വീണ ശ്രീകാന്തിനെയും ശ്രീനാഥിനെയും ജീവനക്കാരെയും ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്രീകാന്തിന്റെ തലക്ക് 21 തുന്നലുകൾ വേണ്ടിവന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ കടയിലെ സാധനങ്ങൾ മുഴുവൻ നശിപ്പിച്ചു. സംഭവം അറിഞ്ഞ പന്തളം പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

