Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധ്യക്ഷ, ഉപാധ്യക്ഷ...

അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം; വീതംവെക്കൽ ‘കൈ’ വിടില്ല

text_fields
bookmark_border
അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം; വീതംവെക്കൽ ‘കൈ’ വിടില്ല
cancel

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികൾ വീതംവെക്കുന്നതിനോട് താൽപര്യമില്ലെന്ന് മുന്നണി നേതൃത്വങ്ങൾ ആവർത്തിക്കുമ്പോഴും ഭൂരിഭാഗം സ്ഥലങ്ങളിലും ടേം വ്യവസ്ഥ ചർച്ചയിൽ. ഇടക്കിടെ പ്രസിഡന്‍റ് സ്ഥാനങ്ങളിലടക്കം മാറ്റമുണ്ടാകുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വ്യാപക ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞതവണ ആറുമാസം, ഒരുവർഷം എന്ന തരത്തിൽപോലും പലയിടങ്ങളിലും അധ്യക്ഷസ്ഥാനങ്ങൾ വീതം വെച്ചു.

ഇത് വികസനപ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു. ജില്ല പഞ്ചായത്ത് അധ്യക്ഷപദവി പോലുള്ള സുപ്രധാന പദവികളില്‍ അടിക്കടിയുണ്ടാകുന്ന മാറ്റത്തിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവില്‍ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. യു.ഡി.എഫിലായിരുന്നു ഇടക്കിടെ അധികാരക്കൈമാറ്റങ്ങൾ ഏറെ നടന്നത്. പ്രചാരണഘട്ടത്തിൽ ഇത്തവണ വീതം വെക്കൽ വേണ്ടന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും നിറഞ്ഞിരുന്നു.

ഇതോടെ വീതംവെക്കലിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാമും വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫ് ഭൂരിപക്ഷം നേടിയ ജില്ല പഞ്ചായത്തിലടക്കം വീതം വെക്കലിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന. വനിതസംവരണമായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദീനാമ്മ റോയ്, സ്റ്റെല്ല തോമസ്, എം.വി. അമ്പിളി എന്നിവരാണ് കോൺഗ്രസിൽനിന്ന് പ്രധാനമായി രംഗത്തുള്ളത്.

മൂന്നുപേരും സംഘടനരംഗത്ത് പാരമ്പര്യമുള്ളവരായതിനാൽ തീരുമാനത്തിലേക്കെത്താൻ കഴിയാതെ ജില്ല കോൺഗ്രസ് നേതൃത്വവും ആശയക്കുഴപ്പത്തിലാണ്. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു സ്റ്റെല്ല തോമസ്. ദീനാമ്മ റോയ് ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക വനിത ബ്ലോക്ക് പ്രസിഡന്റാണ്. എം.വി. അമ്പിളി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തണ്ണിത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാണ്. അമ്പിളിക്കായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും രംഗത്തുണ്ട്. ഇതോടെയാണ് രണ്ടര വർഷം വീതം രണ്ടുപേർക്ക് പ്രസിഡന്‍റ് സ്ഥാനം നൽകാനുള്ള ചർച്ച കോൺഗ്രസിൽ സജീവമായത്.

കെ.പി.സി.സിയുടെ അഭിപ്രായംകൂടി കണക്കിലെടുത്താവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. ഇതിനിടെ, ഒരുവർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസും ഒരുങ്ങുകയാണ്. ഇവർക്ക് രണ്ട് അംഗങ്ങളാണുള്ളത്. ഇതിനൊപ്പം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കും. പാര്‍ട്ടിയുടെ സീനിയര്‍ നേതാവും ജില്ല പഞ്ചായത്ത് മുന്‍ സ്ഥിരംസമിതി അധ്യക്ഷനുമായ സാം ഈപ്പനുവേണ്ടിയാണ് പാര്‍ട്ടി രംഗത്തുള്ളത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് തന്നെ വേണമെന്ന ആവശ്യവുമുണ്ട്.

കോണ്‍ഗ്രസ് നിരയില്‍ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലക്കാണ് സാധ്യത. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന 1995നുശേഷം നാലാം തവണയാണ് പത്തനംതിട്ടയില്‍ അധ്യക്ഷ സ്ഥാനം വനിത സംവരണമാകുന്നത്. 1995, 2005, 2015 വര്‍ഷങ്ങളില്‍ വനിത അധ്യക്ഷരാണ് ജില്ല പഞ്ചായത്തിലുണ്ടായത്. 1995ല്‍ കോണ്‍ഗ്രസിലെ ഡോ. മേരി തോമസ് മാടോലില്‍, 2015ല്‍ അന്നപൂര്‍ണാദേവി, 2005ല്‍ സി.പി.എമ്മിലെ അപ്പിനഴികത്ത് ശാന്തകുമാരി എന്നിവരാണ് പ്രസിഡന്‍റായത്.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ബ്ലോക്ക് പഞ്ചായത്തുകളിലും ടേം ചർച്ച സജീവമാണ്. കോന്നി ഒഴികെ ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് കേവല ഭൂരിപക്ഷമുണ്ട്. കോന്നിയില്‍ ഇരുമുന്നണികള്‍ക്കും ഏഴു വീതം സീറ്റാണുള്ളത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ റോബിന്‍ പീറ്ററാകും ഇവിടെ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇലന്തൂരില്‍ പട്ടികജാതി വനിതക്കായി സംവരണം ചെയ്ത അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് മൂന്നുപേരാണ് രംഗത്തുള്ളത്. ഇതോടെ തീരുമാനം ഡി.സി.സിക്ക് വിട്ടിരിക്കുകയാണ്. പറക്കോട്ട് ബ്ലോക്കിൽ മുന്‍ ജില്ല പഞ്ചായത്തംഗം ബിനിലാല്‍, കടമ്പനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എല്‍. ഉഷാകുമാരി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കോയിപ്രത്ത് തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ് എന്നിവരാണ് പ്രസിഡന്‍റ് പദം ലക്ഷ്യമിട്ട് കളത്തിലുള്ളത്. പന്തളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബി.കെ. തഥാഗത്, രഞ്ജു എം. ജോണ്‍, മഹിള കോണ്‍ഗ്രസ് നേതാവ് വിനീത അനില്‍ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. മല്ലപ്പള്ളിയില്‍ മുന്‍ പ്രസിഡന്റ് ശോശാമ്മ തോമസിനും റാന്നിയില്‍ മുന്‍ പ്രസിഡന്റ് മേഴ്‌സി പാണ്ടിയത്തിനുമാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMUDFKerala Local Body Election
News Summary - Front leaders have repeatedly stated that they are not interested in distributing the positions of chairpersons in local bodies
Next Story