തദ്ദേശ സ്ഥാപനങ്ങളിൽ മുന്നണി ധാരണ തെറ്റുന്നു: അധ്യക്ഷരുടെ രാജി വൈകുന്നു
text_fieldsപത്തനംതിട്ട: അവസാന ടേമിലെ അധ്യക്ഷ സ്ഥാനത്തുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. ജില്ലയിൽ എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ മുന്നണി ധാരണ പ്രകാരം അധ്യക്ഷരുടെ രാജി തിങ്കളാഴ്ചയും ഉണ്ടായില്ല. ഞായറാഴ്ച വൈകീട്ട് സി.പി.എം, സി.പി.ഐ ജില്ല നേതാക്കൾ കൂടിയാലോചിച്ച് തിങ്കളാഴ്ച അധ്യക്ഷ സ്ഥാനങ്ങളിൽനിന്ന് രാജിയുണ്ടാകണമെന്ന് തീരുമാനമെടുത്തിരുന്നു.
എന്നാൽ, മൂന്നിടങ്ങളിലും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് രാജി നീട്ടി.ജില്ല പഞ്ചായത്തിൽ സി.പി.ഐ പ്രതിനിധി രാജി പി. രാജപ്പൻ രാജിക്കു തയാറായി രാവിലെ ഓഫിസിൽ എത്തിയെങ്കിലും പാർട്ടി നിർദേശം എത്തിയില്ല. പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം പ്രതിനിധിയായ പ്രസിഡന്റ് ആർ. തുളസീധരൻപിള്ള സ്ഥാനമൊഴിഞ്ഞ് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് കൈമാറണം. ഏറത്ത് സി.പി.എം പ്രതിനിധി സന്തോഷ് ചാത്തന്നൂപ്പുഴ രാജിവെച്ച് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകണം. ഈ രണ്ട് ധാരണകളും നടപ്പാകാതെ വന്നതോടെയാണ് ജില്ല പഞ്ചായത്തിലും രാജി വൈകിയത്. അവസാനത്തെ ഒരുവർഷം ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിനാണ് പ്രസിഡന്റു സ്ഥാനം ലഭിക്കേണ്ടത്.
സി.പി.ഐ പ്രതിനിധി രാജിവെക്കാതെ വന്നതോടെ കേരള കോൺഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സി.പി.എം, സി.പി.ഐ ചർച്ച നടന്നത്. ജില്ല നേതാക്കൾ ധാരണയിലെത്തിയെങ്കിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും നിലവിലെ പ്രസിഡന്റുമാർ ഏതാനും ദിവസങ്ങളുടെ സാവകാശം ചോദിക്കുകയായിരുന്നു.
രാജി ഇന്നില്ല, നാളെ മുതൽ അരുണാചൽ ടൂർ...
ചൊവ്വാഴ്ച അവധി ദിവസമായതിനാൽ ജില്ല പഞ്ചായത്തിലോ ഇതര തദ്ദേശ സ്ഥാപനങ്ങളിലോ അധ്യക്ഷരുടെ രാജി ഇന്നുണ്ടാകില്ല. ബുധനാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് കേരള കോൺഗ്രസ് എം നേതാക്കൾക്കു നൽകിയിരിക്കുന്ന ഉറപ്പ്.
എന്നാൽ, ബുധനാഴ്ച മുതൽ ജില്ല പഞ്ചായത്തംഗങ്ങളുടെ അരുണാചൽപ്രദേശ് സന്ദർശനം ആരംഭിക്കുകയാണ്. പ്രസിഡന്റ് രാജിവെച്ചശേഷം യാത്രക്ക് പോകാനുള്ള സാധ്യത കുറവാണ്. ഇതിനു മുമ്പ് രാജിനൽകി വൈസ് പ്രസിഡന്റിനു ചുമതല നൽകുകയായിരുന്നു ലക്ഷ്യം. നേരത്തേ തീരുമാനിച്ച യാത്രയാണ് അരുണാചൽപ്രദേശിലേക്കുള്ളത്.
മടങ്ങിവന്നശേഷം രാജിയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന ധാരണയാകും ഇനിയുള്ളത്. അവസാന ഒരുവർഷമാണ് കേരള കോൺഗ്രസ് എമ്മിന് പറഞ്ഞിരുന്നത്. സി.പി.ഐക്കും ഒരുവർഷം പറഞ്ഞിരുന്നെങ്കിലും അവർക്കു സ്ഥാനം ലഭിച്ചത് മൂന്നുമാസം വൈകിയാണ്. അടുത്ത ഡിസംബർ ആദ്യം പുതിയ തെരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഇനി ചുമതലയേൽക്കുന്നവർക്ക് അധ്യക്ഷ സ്ഥാനത്ത് മാസങ്ങൾ മാത്രമേ തുടരാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

