ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: നാലു പ്രതികൾക്ക് ശിക്ഷ
text_fieldsജോളി സ്റ്റാൻലി, മുരളീധരൻ നായർ, ബിജുമോൻ, സതീഷ് കുമാർ
പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ കുവൈത്തിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. എമിഗ്രേഷൻ നിയമപ്രകാരം വിദേശത്ത് നിയമനം നടത്താൻ അംഗീകാരമില്ലാത്ത പ്രതികൾ യുവതിയെ കുവൈത്തിൽ ജോലി വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് ചതിച്ച് പണം കൈപ്പറ്റുകയും ഇവരെ കുവൈത്തിലെത്തിച്ച ശേഷം ജോലി നൽകാതെയും പുറത്തുവിടാതെ ഒരു മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
2014ലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാൻ ഇടനില നിന്ന ഒന്നാംപ്രതി കുരമ്പാല, പറന്തൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57), രണ്ടാം പ്രതിയായ തിരുവല്ല, കവിയൂർ, കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), മൂന്നാം പ്രതി ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് എന്ന് വിളിക്കുന്ന ബിജുമോൻ (55), നാലാം പ്രതി തിരുവല്ല കവിയൂർ ഞാലികണ്ടം താഴത്ത് ഉപ്പൻകര വീട്ടിൽ സതീഷ് കുമാർ (40) എന്നിവരെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും എമിഗ്രേഷൻ വകുപ്പ് പ്രകാരവും കുറ്റക്കാർ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിക്ക് മൂന്നുമാസവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിക്ക് ആറു വർഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് 37 വർഷവും 9 മാസവും തടവും 3,03,000 രൂപ പിഴയും വിധിച്ചു. നാലാം പ്രതിക്ക് നാലുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
അന്നത്തെ അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന സുനിൽകുമാർ രജിസ്റ്റർ ചെയ്ത കേസിൽ 2022ൽ അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പ്രജീഷ് ടി.ഡിയാണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

