വനം വകുപ്പും ഡി.ടി.പി.സിയും ശീതസമരത്തിൽ; കട്ടപ്പുറത്തായി ഗവി ടൂർ പാക്കേജ് ട്രാവലറുകൾ
text_fieldsകട്ടപ്പുറത്തായ ഗവി ടൂർ പാക്കേജ് ട്രാവലർ
കോന്നി: ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന അടവി - ഗവി ടൂർ പാക്കേജിന് ഉപയോഗിച്ചിരുന്ന ട്രാവലറുകൾ കട്ടപ്പുറത്തായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വനം വകുപ്പും ഡി.ടി.പി.സിയും തിരിഞ്ഞുനോക്കുന്നില്ല. 2015 ലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് രണ്ട് ട്രാവലർ നൽകിയത്. ടൂർ പാക്കേജിൽനിന്ന് കിട്ടുന്ന ലാഭവിഹിതത്തിന്‍റെ നിശ്ചിത ശതമാനം ഡി.ടി.പി.സിക്കു നൽകണമെന്ന ധാരണയിലാണ് വാഹനങ്ങൾ നൽകിയത്. ഒരു കാലത്ത് ഗവി ടൂർ പാക്കേജുകൾ മികച്ച ലാഭം നേടിയിരുന്നെങ്കിലും കുറച്ചു കാലംകൊണ്ടു തന്നെ മന്ദീഭവിച്ചു. കൃത്യമായി ടൂർ ഓപറേറ്റ് ചെയ്യാൻ ആളില്ലാതെ വന്നതും കുറഞ്ഞ ചെലവിൽ കെ.എസ്.ആർ. ടി.സി. ഗവി പാക്കേജ് ആരംഭിച്ചതും ഇതിന് കാരണമായി.
റീ ടെസ്റ്റിന്‍റെ പേരിൽ ഒരു വാഹനം ഷോറൂമിലും ഒന്ന് ആനത്താവളത്തിലും നിർത്തിയിട്ടിട്ട് കാലമേറെയായി. പദ്ധതി തുടർന്നുകൊണ്ടുപോകാൻ ചുമതലക്കാരില്ലാത്തതിനാൽ റീ ടെസ്റ്റ് കഴിഞ്ഞ് കിട്ടുന്ന വാഹനങ്ങൾ തിരികെ ഡി.ടി.പി.സിയെ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് അറിയുന്നു. വന വികാസ് ഏജൻസിയുടെ കീഴിലാണ് പദ്ധതി തുടങ്ങിയത്. അറുപതിനായിരത്തോളം സഞ്ചാരികൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന് 2020ൽ നിർത്തിവെച്ച ടൂർ പാക്കേജ് പുനരാരംഭിച്ചപ്പോൾ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. കോന്നി ആനത്താവളത്തിൽനിന്ന് രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30നാണ് അവസാനിക്കുക. ആനത്താവളത്തിൽനിന്നു പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിച്ച ശേഷം യാത്ര തുടരും.
കൊച്ചാണ്ടി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഢ വനത്തിലൂടെയാണ് സഞ്ചാരം. നിത്യ ഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും യാത്രയിൽ കാണാം. കക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ, ആനത്തോട്- പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചു പമ്പയിൽ എത്തി ഭക്ഷണ ശേഷം ബോട്ടിങ് നടത്തും.
തുടർന്ന് പെരിയാർ ടൈഗർ റിസർവ് വഴി വള്ളക്കടവിൽ എത്തും. പിന്നീട് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണ ശേഷം കോന്നിയിൽ തിരിച്ചെത്തും. 16 പേരടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും പത്ത് പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒൻപത് പേർ വരെ 2000 രൂപ വീതവുമായിരുന്നു ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

