മഴ തുടരുന്നു; പ്രളയഭീതിയിൽ ജില്ല
text_fieldsമണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നനിലയിൽ
പത്തനംതിട്ട: റെഡ് അലർട്ട് നിലനിന്ന വെള്ളിയാഴ്ച കനത്ത മഴ പെയ്തിറങ്ങിയതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നിരവധി വീടുകളിൽ വെള്ളം കയറി. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. നദികളോട് ചേർന്ന റോഡുകളും വെള്ളത്തിലായി.
തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രം അന്തിചന്ത മുതൽ മണക്ക് ആശുപത്രി പടി വരെ ഒരു കിലോമീറ്റർ ദൂരത്ത് വെള്ളം കയറി. ഇത് വൻ ഗതാഗതക്കുരുക്കിനും ഇടയാക്കി. തിരുവല്ല തിരുമൂലപുരത്തെ നിരവധി വീടുകളും വെള്ളത്തിലായി. കോന്നി, പന്തളം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് നഗറിൽ 10 വീട്ടിൽ വെള്ളംകയറി. വെള്ളം കയറിയ വീട്ടിലെ താമസക്കാർ ക്യാമ്പിലേക്ക് മാറി.
കനത്ത മഴയെ തുടർന്ന് പമ്പാനദിയിലും നീർവിളാകം പുഞ്ചയിലും ജലനിരപ്പുയർന്നതിനെ തുടർന്നാണ് വീടുകളിൽ വെള്ളം കയറിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ പട്ടികജാതി കോളനിയാണ് എഴിക്കാട്. ജില്ലയിലെ മണിമല, അച്ചൻകോവിൽ, പമ്പ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

