പ്രളയം; കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം 10 ട്രാൻസ്ഫോർമറുകൾ നശിച്ചു
text_fieldsപത്തനംതിട്ട: പ്രളയത്തിൽ കെ.എസ്.ഇ.ബിക്കും ജില്ലയിൽ വ്യാപകമായി നാശനഷ്ടം. വ്യാപകമായി വൈദ്യുതി ലൈനുകൾ പൊട്ടിവീണ് നാശമുണ്ടായത് കൂടാതെ പത്ത് ട്രാൻസ്ഫോർമറുകളും 333 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചു. ഷോക്കേറ്റ് ഒരു മരണവുമുണ്ടായി. അപകടങ്ങൾ ഒഴിവാക്കാൻ വെള്ളപ്പൊക്ക സമയത്ത് എഴുനൂറോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിടേണ്ടി വന്നു.
ചില പോസ്റ്റുകൾ വെള്ളത്തിനടിയിലായതും ട്രാൻസ്ഫോമറുകളിൽ വെള്ളം കയറിയതും ജീവനക്കാരെ വലച്ചു. രക്ഷാപ്രവർത്തകരുടെ ബോട്ടിലും ചെറുവള്ളങ്ങളിലുമെത്തിയാണ് ആറന്മുളയിലും, തിരുവല്ലയിലുമൊക്കെ തകരാറുകൾ പരിഹരിച്ചത്. വെള്ളമിറങ്ങാത്ത അപ്പർകുട്ടനാട് മേഖലയിൽ ഇപ്പോഴും വൈദ്യുതി വിതരണം സുഗമമാക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി സ്ഥലങ്ങളിൽ ലൈൻ പൊട്ടിവീണിരുന്നു. സബ് സ്റ്റേഷനുകളിൽനിന്ന് വിവിധ ഫീഡറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്ന ജോലികൾ തുടരുകയാണ്.
ഗാൾഹിക ഉപയോക്താക്കളുടെ പരാതികളൊക്കെ പരിഹരിക്കാൻ കഴിഞ്ഞു. പ്രളയത്തിൽ ജില്ലയിൽ 65 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടമാണ് കെ.എസ്.ഇ.ബി പ്രാഥമികമായി വിലയിരുത്തുന്നത്. റാന്നി, ആറൻമുള, മണിപ്പുഴ, തോട്ടഭാഗം, തിരുവല്ലഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം. തിരുവല്ലയിൽ വെള്ളം കയറിയ വീട്ടിൽനിന്ന് യു.പി.എസ് അഴിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അന്തർ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചത്.
ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ആദ്യംതന്നെ വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത്. എന്നാൽ, ഇത് വലിയ പരാതികൾക്കും ഇടയാക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

